കാഞ്ഞിരപ്പള്ളി: കേരളത്തില്‍ നിന്നു പശ്ചിമ ബംഗാളിലേക്ക് പോകുന്ന അതിഥി തൊഴിലാളികള്‍ക്ക് യാത്രാഭക്ഷണം നല്‍കി എംഡിഎസ്. കാഞ്ഞിരപ്പള്ളി രൂപതയുടെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയായ പാറത്തോട് മലനാട് ഡെവലപ്‌മെന്റ് സൊസൈറ്റിയാണ് കോട്ടയത്തു നിന്നു ട്രെയിനില്‍ യാത്രചെയ്യുന്ന ഇതരസംസ്ഥാനക്കാര്‍ക്ക് ഭക്ഷണം നല്‍കുന്നത്. ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ബാബുവിന്റെ അഭ്യര്‍ഥനപ്രകാരമാണ് 1500 പായ്ക്കറ്റ് ബ്രെഡ്ഡും 100 കിലോ നാരങ്ങാ അച്ചാറും ആദ്യ ദിനമായ ഇന്നലെ മലനാട്ടില്‍ നിന്നു നല്‍കിയത്.
കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ അജിത്കുമാറും സംഘവും ഭക്ഷ്യോത്പന്നങ്ങള്‍ ഏറ്റുവാങ്ങി. മലനാട് ഡെവലപ്‌മെന്റ് സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ഭക്ഷ്യോത്പ്പന്നങ്ങള്‍ കൊണ്ടുപോകുന്ന വാഹനം ഫ്‌ളാഗ്ഓഫ് ചെയ്തു. വരും ദിവസങ്ങളിലും അന്യസംസ്ഥാന തൊഴിലാളികള്‍ക്കുള്ള യാത്രാഭക്ഷണം മലനാട്ടില്‍നിന്നു നല്‍കുന്നതാണ്.
കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മലനാട് ഡെവലപ്‌മെന്റ് സൊസൈറ്റി നിര്‍ണായക പങ്കാണ് വഹിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുലക്ഷം രൂപ ആദ്യ ഘട്ടമായി സംഭാവന ചെയ്തു. വിവിധ പഞ്ചായത്തുകളിലേക്കും സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലേക്കും സോപ്പുകളും മാസ്‌കുകളും സാനിറ്റൈസറുകളും വിതരണം ചെയ്യുകയും ചെയ്തിരുന്നു.
ലോക്ക്ഡൗണിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ ക്ഷീര കര്‍ഷകര്‍ക്ക് ആവശ്യമായ സമീകൃത കാലിത്തീറ്റയും വൈക്കോലും എത്തിച്ചു നല്‍കുകയും ക്ഷീര കര്‍ഷകര്‍ക്കുള്ള കാലിത്തീറ്റ സബ്‌സിഡി നല്‍കുകയും ചെയ്തു. കൂടാതെ, കാപ്പി, ഏത്തവാഴ, കപ്പ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കും ഈ കാലയളവില്‍ ലാഭവിഹിതം വിതരണം ചെയ്തു.
വിവിധ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി കിച്ചണുകളിലേക്ക് ആവശ്യമായ ഭക്ഷ്യോത്പന്നങ്ങളും സാമ്പത്തിക സഹായവും നല്‍കിവരുന്നുണ്ടെന്ന് മലനാട്ടില്‍നിന്ന് അറിയിച്ചു.
റിപ്പോർട്ടർ : ഫൈസൽ കാഞ്ഞിരപ്പള്ളി