ചികിത്സയുമായി ബന്ധപ്പെട്ട സഹായതുക തര്‍ക്കത്തില്‍ ഫിറോസ് കുന്നംപറമ്പില്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ കേസ്

ചികിത്സയുമായി ബന്ധപ്പെട്ട സഹായതുക തര്‍ക്കത്തില്‍ സന്നദ്ധപ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ നാല് പേര്‍ക്കെതിരെ പൊലീസ് കേസ്. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനി വര്‍ഷയുടെ പരാതിയിലാണ് ഫിറോസ് കുന്നംപറമ്പില്‍, സാജന്‍ കേച്ചേരി, സലാം, ഷാഹിദ് എന്നിവര്‍ക്കെതിരെ ചേരാനല്ലൂര്‍ പൊലീസ്​ കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് കേസ്.

ജൂണ്‍ 24ന് അമ്മയുടെ ശസ്ത്രക്രിയക്ക്​ സഹായം അഭ്യർഥിച്ച് തളിപ്പറമ്പ് സ്വദേശിനി വർഷ ഫേസ്​ബുക്ക് ലൈവില്‍ എത്തുകയും തുടർന്ന് വര്‍ഷക്ക്​ സന്നദ്ധപ്രവര്‍ത്തകന്‍ തൃശൂര്‍ സ്വദേശി സാജന്‍ കേച്ചേരിയുടെ സഹായത്തോടെ 1.35 കോടി രൂപയോളം സംഭാവനയായി ലഭിക്കുകയും ചെയ്തു.​ ഫിറോസ് കുന്നംപറമ്പില്‍ ഉൾപ്പെടെ സഹായാഭ്യർഥന ഫേസ്ബുക്കില്‍ ഷെയർ ചെയ്​തിരുന്നു.

പിന്നീട് ലഭിച്ച പണത്തിന്‍റെ പേരില്‍ ചിലര്‍ തന്നെ ഭീഷണിപ്പെടുത്തുകയാണെന്ന് പറഞ്ഞ് വര്‍ഷ വീണ്ടും ഫേസ്ബുക്ക് ലൈവില്‍ വരികയായിരുന്നു. പെണ്‍കുട്ടിയുടെ അക്കൗണ്ടിലേക്ക് വന്ന പണത്തിന് പിന്നില്‍ ഹവാല ഇടപാടെന്ന് സംശയിക്കുന്നതായി ഡി.സി.പി ജി. പൂങ്കുഴലി ഐ.പി.എസ് പറഞ്ഞിരുന്നു. തുടർന്ന്​ കൊച്ചി സിറ്റി ഡി.സി.പി ജി. പൂങ്കുഴലി അന്വേഷണത്തിന് നിർദേശിച്ചു.അസി. കമീഷണർ മേൽനോട്ടം വഹിക്കുന്ന കേസിൽ എസ്.ഐ ലിജോ ജോസഫ് എത്തി വർഷയുടെ മൊഴി രേഖപ്പെടുത്തി.

താൻ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ കേസെടുത്ത സാഹചര്യത്തില്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു ഫിറോസ് കുന്നംപറമ്പില്‍. സഹായം സ്വീകരിച്ച വർഷയുടെ അമ്മക്ക് ചികിത്സക്കായി അവരുടെ അക്കൗണ്ടിൽ വന്നിരുന്ന സംഖ്യ ഹവാല പണമാണെങ്കിൽ വർഷയുടെയും അമ്മയുടെയും അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നും അതില്‍ വന്ന മുഴുവന്‍ സംഖ്യയും സര്‍ക്കാര്‍ കണ്ടുകെട്ടണമെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു. ഹവാലക്കാരും ചാരിറ്റിക്കാരും വർഷയും തമ്മിൽ കൂടിയാലോചിച്ചാണ് ഇത്രയും വലിയ സംഖ്യ അവരുടെ അക്കൗണ്ടിലേയ്ക്ക് എത്തിച്ചതെങ്കിൽ ഈ ഇടപാടിൽ വർഷയുടെ പങ്കും പുറത്ത് കൊണ്ടു വരേണ്ടതുണ്ടെന്നും അവരെയും പ്രതിചേർത്ത് കേസ് എടുക്കണമെന്നും ഫിറോസ് പറഞ്ഞു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക