മരിച്ച മാതാവ് മൂന്നാംനാൾ പുനർജനിക്കുമെന്ന വിശ്വാസത്തില്‍ മകള്‍ മൂന്നുദിവസം കാവലിരുന്നു.
മരിച്ച മാതാവ് മൂന്നാംനാൾ പുനർജനിക്കുമെന്ന വിശ്വാസത്തില്‍ മൃതദേഹത്തിനരികില്‍ മകള്‍ മൂന്നുദിവസം കാവലിരുന്നു. ചളവറ എ.യു.പി സ്കളില്‍നിന്ന് വിരമിച്ച അധ്യാപിക ചളവറ രാജ്ഭവനില്‍ ഓമനയുടെ (72) മൃതദേഹത്തിനരികിലാണ് വീണ്ടും ജീവിക്കുമെന്ന വിശ്വാസത്തില്‍ മകള്‍ കവിത (42) കാവലിരുന്നത്. വീടിന്റെ കിടപ്പുമുറിയിലാണ് മൃതദേഹം കിടത്തിയിരുന്നത്.
കവിത നേരത്തെ ഹോമിയോ ഡോക്ടറായി പ്രാക്ടീസ് ചെയ്തിരുന്നു. പ്രമേഹത്തെ തുടര്‍ന്ന് പാദം മുറിച്ചു മാറ്റിയ ഓമന മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു. കവിതക്കും നേരിയ തോതിൽ മാനസിക പ്രശ്നങ്ങളുള്ളതായി പരിസരവാസികൾ പറയുന്നു.
അമ്മയും മകളും ക്രിസ്തുമതത്തിലേക്ക് മാറിയവരാണത്രെ. ഇതിനാൽ ഇവരുമായി ബന്ധുക്കൾ അകന്നുകഴിയുകയാണ്. ഒറ്റമുറി വീട്ടിലാണ് ഇരുവരം കഴിഞ്ഞിരുന്നത്. കിടപ്പുരോഗിയായ ഓമനയെ മകൾ തന്നെയാണ് പരിചരിച്ചിരുന്നത്.
വല്ലപ്പോഴും മാത്രമേ ഇവർ പുറത്തിറങ്ങാറുള്ളൂവെന്ന് പരിസരവാസികൾ പറയുന്നു. നാട്ടുകാരുമായും വലിയ ബന്ധമുണ്ടായിരുന്നില്ല. ചൊവ്വാഴ്ച രാവിലെ ചളവറ അങ്ങാടിയിലേക്ക് കവിത ഓട്ടോയിൽ പോകുമ്പോൾ ഡ്രൈവറോടാണ് അമ്മ മൂന്ന് ദിവസം മുമ്പ് മരിച്ച വിവരം പറഞ്ഞത്. ഡ്രൈവർ പറഞ്ഞതുപ്രകാരം നാട്ടുകാർ പഞ്ചായത്ത് ഓഫിസിലും പൊലീസിലും അറിയിച്ചു.
അമ്മക്ക് പുനർജന്മമുണ്ടാകുമെന്ന വിശ്വാസത്തിൽ പ്രാർഥന നടത്തി കാത്തിരിക്കുകയായിരുന്നുവെന്ന് കവിത പൊലീസിനോട് പറഞ്ഞു. പരേതനായ ശ്രീധരനാണ് ഓമനയുടെ ഭര്‍ത്താവ്. പൊലീസ് കോവിഡ് സെല്ലില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വൈകീട്ട് മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോവിഡ് പരിശോധനക്ക് ശേഷമേ പോസ്റ്റ്മോർട്ടം നടത്തൂ. അസ്വാഭാവിക മരണത്തിന് കേസെടുത്തു.