മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേൽ അന്തരിച്ചു. പുലര്‍ച്ചെ 3.30 ഓടെ ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 71 വയസായിരുന്നു. കൊറോണ ബാധിച്ച് ചികിത്സയിലിരിക്കെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. മകന്‍ ഫൈസല്‍ ഖാൻ ട്വിറ്ററിലൂടെയാണ് അഹമ്മദ് പട്ടേലിന്റെ മരണവിവരം അറിയിച്ചത്.

ഒക്ടോബർ ഒന്നിനായിരുന്നു അഹമ്മദ് പട്ടേലിന് കൊറോണ സ്ഥിരീകരിച്ചത്. ആരോ​ഗ്യനില വഷളായ അദ്ദേഹത്തിനെ നവംബ‍ർ 15-നാണ് ​ഗുരു​ഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സോണിയ ​ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന അദ്ദേഹം 2018-ൽ പാ‍ർട്ടിയുടെ ട്രഷറ‍റായി ചുമതലയേറ്റിരുന്നു. ഗുജറാത്തിൽ നിന്നും എട്ട് തവണ അഹമ്മദ് പട്ടേൽ പാ‍ർലമെൻ്റിൽ എത്തി. മൂന്ന് തവണ ലോക്സഭയിലേക്കും അഞ്ച് തവണ രാജ്യസഭയിലേക്കുമാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. 1977 മുതൽ മൂന്ന് തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1990ൽ തോൽവിയേറ്റുവാങ്ങിയ പട്ടേൽ പിന്നീട് തുടർച്ചയായി രാജ്യസഭ വഴിയാണ് പാർലമെന്റിലെത്തിയത്.

രാഹുൽ ഗാന്ധി യുഗമായതോടെ ഒതുക്കപ്പെട്ട പ്രധാന കോൺഗ്രസ് നേതാക്കളിലൊരാളാണ് അഹമ്മദ് പട്ടേൽ. എങ്കിലും രാജസ്ഥാനിലടക്കം പാർട്ടിയ്ക്ക് പ്രതിസന്ധി നേരിട്ടപ്പോൾ അത് മറികടക്കാൻ ഹൈക്കമാൻഡ് ആശ്രയിച്ചത് അഹമ്മദ് പട്ടേലിനെയായിരുന്നു എന്നതും ശ്രദ്ധേയമാണ്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക