റോഡിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സജ്ജമാക്കിയ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) ക്യാമറ വഴി തിങ്കളാഴ്ച മുതല്‍ പിഴ ഈടാക്കും.
ഇതിനായുള്ള നടപടികള്‍ ഗതാഗതവകുപ്പ് പൂര്‍ത്തിയാക്കി. ക്യാമറയുടെ പ്രവര്‍ത്തനം പരിശോധിക്കുന്ന സാങ്കേതികസമിതി ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും. ഏപ്രില്‍ 19നാണ് സംസ്ഥാനത്ത് എഐ ക്യാമറ നിരീക്ഷണം ആരംഭിച്ചത്. ആദ്യം ഘട്ടത്തില്‍ ദിനവും നാലരലക്ഷത്തോളം നിയമലംഘനങ്ങള്‍ ക്യാമറയില്‍ തെളിഞ്ഞെങ്കിലും പിന്നീട് കുറഞ്ഞു.
ഇപ്പോള്‍ പ്രതിദിന നിയമലംഘനം ശരാശരി രണ്ടര ലക്ഷമാണ്. കഴിഞ്ഞ ദിവസം രണ്ടു ലക്ഷത്തോളമായി കുറഞ്ഞു. പിഴ ഈടാക്കിത്തുടങ്ങി ഒരു മാസം കൊണ്ട് ഇത് ഒരു ലക്ഷത്തോളമായി കുറയുമെന്നാണ് ഗതാഗതവകുപ്പ് പ്രതീക്ഷിക്കുന്നത്. റോഡിലെ നിയമലംഘനങ്ങള്‍ കണ്ടെത്താൻ 675 ക്യാമറകളും അനധികൃത പാര്‍ക്കിങ് കണ്ടെത്താൻ 25 ക്യാമറകളുമുണ്ട്. 18 ക്യാമറകള്‍ ചുവപ്പ് സിഗ്നല്‍ തെറ്റിക്കുന്നതു മാത്രം പിടികൂടാനാണ്.