എയര്‍ഗണില്‍ നിന്ന് വെടിയേറ്റ് 14കാരന് പരിക്ക്; രണ്ടുപേര്‍ അറസ്റ്റില്‍.
എയര്ഗണില്നിന്നുള്ള വെടിയേറ്റ് 14കാരന് പരിക്ക്. സംഭവത്തില്‍ തൃക്കൊടിത്താനം സന്തോഷ്നഗര്‍ പാറയില്‍ അജേഷ് (26), ചങ്ങനാശ്ശേരി പൊട്ടശ്ശേരി തൈപ്പറമ്ബില്‍ അന്‍സില്‍ (19) എന്നിവരെ തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയുടെ നെഞ്ചിലാണ് എയര്‍ഗണ്‍ പെല്ലറ്റ് തുളച്ചുകയറിയത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം. അജേഷും അന്‍സിലും കൂട്ടുകാരും ചേര്‍ന്ന് പൊട്ടശ്ശേരി ഭാഗത്ത് ചതുപ്പുപാടശേഖരത്ത് കൂട്ടംകൂടിയിരുന്ന് എയര്‍ഗണ്‍ ഉപയോഗിച്ച് അലക്ഷ്യമായി വെടിവെക്കുകയായിരുന്നു.
ഇതിനിെട വീട്ടുമുറ്റത്ത് നിന്ന കുട്ടിക്കുനേരെ ഇവര്‍ തോക്കുചൂണ്ടി. തമാശയാകുമെന്ന് കരുതി വീടിനകത്തേക്ക് കയറാന്‍ തിരിയുന്നതിനിെട പെല്ലറ്റ് ഇടതുനെഞ്ചില്‍ തറക്കുകയായിരുന്നു. പെല്ലറ്റ് കുട്ടിതന്നെ ഊരിയെടുത്തു. ഉടന്‍ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നല്കി. കൂടുതല്‍ പരിശോധനക്ക് വെള്ളിയാഴ്ച കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും. തൃക്കൊടിത്താനം സി.ഐ എ. അജീബ്, എസ്.ഐമാരായ രാജേഷ്, സജി സാരംഗ്, എ.എസ്.ഐ ബിജു എന്നിവരുടെ നേതൃത്വത്തിെല സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.