നഗ്നനായി വീടുകളില്‍ മോഷണം നടത്തുന്ന യുവാവിനെ നാട്ടുകാര്‍ കുടുക്കി.
ആലപ്പുഴ; നഗ്നനായി വീടുകളില്‍ മോഷണം നടത്തുന്ന യുവാവിനെ നാട്ടുകാര്‍ കുടുക്കി. തകഴി ചെക്കിടിക്കാട് പതിനഞ്ചില്‍ സോജനാണ് (36) പിടിയിലായത്.
വസ്ത്രങ്ങളും സാധനങ്ങളും ഉള്‍പ്പടെയുള്ളവ പൊതിഞ്ഞുവച്ചാണ് ഇയാള്‍ മോഷണത്തിന് ഇറങ്ങാറുള്ളത്. ഈ തുണിക്കെട്ട് നാട്ടുകാര്‍ കണ്ടെത്തിയതാണ് ആളെ പിടിക്കാന്‍ സഹായമായത്.
തിങ്കള്‍ രാത്രി 9.30ന് തലവടി മുരിക്കോലി മുട്ടിനു സമീപത്തെ വീട്ടില്‍ മോഷണം നടത്തുന്നതിനിടെ വീട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് സോജന് ഓടി രക്ഷപ്പെട്ടു. പച്ച ജംക്ഷനിലെ ഓട്ടോ ഡ്രൈവറായ സോജന് ഓട്ടോ പാര്‍ക്ക് ചെയ്ത ശേഷമാണ് മോഷണത്തിന് ഇറങ്ങിയത്. തന്റെ മൊബൈല്‍ ഫോണ്‍, തിരിച്ചറിയല്‍ കാര്‍ഡ് അടങ്ങുന്ന പഴ്സ്, അടിവസ്ത്രം ഉള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ എന്നിവ പൊതിഞ്ഞ് ഒരു വീടിനു സമീപത്ത് വച്ചിട്ടാണ് മോഷണത്തിന് ഇറങ്ങിയത്.
കള്ളനു വേണ്ടിയുള്ള തിരച്ചിലിന് ഇടയിലാണ് ഈ തുണിക്കെട്ട് നാട്ടുകാര്‍ കണ്ടെത്തുന്നത്. തുടര്‍ന്നു സ്ഥലവാസികള്‍ സോജന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ഭാര്യയെ വിളിച്ചു. ഫോണ്‍ വഴിയില്‍ നിന്ന് കിട്ടിയതാണ് എന്ന് പറഞ്ഞാണ് സംസാരിച്ചത്. സ്ഥലം അന്വേഷിച്ചറിഞ്ഞ ശേഷം കണ്ടെടുത്ത സാധനങ്ങള്‍ എടത്വ പൊലീസിന് കൈമാറി. ഇന്നലെ രാവിലെ പച്ച ജംക്ഷനു സമീപത്തു വച്ച് സോജനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.