ഒരു വയനാട്ടുകാരന്റെ ആമസോൺ ആകുലതകൾ .

 

എം പി വീരേന്ദ്രകുമാറിനെ അനുസ്മരിച്ചു കൊണ്ട് സച്ചിദാനന്ദൻ ‘ ഓർമ്മയിലെ സുഗന്ധം’ എന്ന പേരിൽ ഒരു ലേഖനമെഴുതി . മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ഈ ലേഖനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു – ”യാത്രാവിവരണം എന്ന സാഹിത്യ ഗണത്തിന്റെ അതിർവരമ്പുകൾ മാറ്റി മറിച്ച കൃതികളാണ് വീരേന്ദ്രകുമാറിന്റേത്” . ചരിത്രവും സാഹിത്യവും തത്വചിന്തയും രാഷ്ട്രീയവുമെല്ലാം കൂടികലർന്ന വിവരണങ്ങളാണ്  അദ്ദേഹത്തിന്റെത് . തീർച്ചയായും വായനയുടേയും അറിവിന്റെയും വല്ലാത്തൊരു പിൻബലമുണ്ട് അദ്ദേഹത്തിന്റെ യാത്രാ വിവരണങ്ങൾക്ക് . എഴുതുന്ന ഓരോ വിഷയത്തെക്കുറിച്ചുമുള്ള ഏറ്റവും പുതിയ വിവരങ്ങൾവരെ അദ്ദേഹം അറിഞ്ഞിരിക്കും . അതിനെ ചരിത്രവുമായും മിത്തുകളുമായും സംയോജിപ്പിച്ച് വായനക്കാരനിൽ ഒരു പുതിയ അനുഭവ പ്രപഞ്ചം സൃഷ്ടിക്കുന്നു . ”ആമസോണും കുറേ വ്യാകുലതകളും” എന്ന ഗ്രന്ഥവും ഇത്തരത്തിലൊരു ലോകം സൃഷ്ടിക്കുന്നതാണ് .

രണ്ടായിരത്തിൽ വേൾഡ് എഡിറ്റേഴ്സ്  ഫോറത്തിൽ പങ്കെടുക്കാൻ അദ്ദേഹം റിയോ ഡി ജനൈറോവിൽ എത്തി. ആ യാത്രയാണ് ആമസോണിന്റെ ആകുലതകളെ രേഖപ്പെടുത്തിയ പുസ്തകമായി മാറിയത്

” ഫെഡറേറ്റീവ് റിപ്പബ്ലിക് ഓഫ് ബ്രസീൽ” എന്ന ഔദ്യോഗിക നാമമുള്ള ബ്രസീലിലെ പ്രധാന നഗരമാണ് റിയോ . (ബ്രസീലിയയാണ് ബ്രസീലിന്റെ തലസ്ഥാനം ). നീണ്ട കാലം പോർച്ചുഗീസുകാരുടെ കോളനിയായിരുന്ന ബ്രസീലിന്റെ ഔദ്യോഗിക ഭാഷ പോർച്ചുഗീസാണ് . ബ്രസീലുകാരും മലയാളികളും ഭാഷാപരമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗ്രന്ഥകാരൻ നിരീക്ഷിക്കുന്നു . ബ്രസീലുകാരുടെ ‘മാങ്ക’ നമ്മുടെ മാങ്ങയാണ് . ചക്കയ്ക്ക് ബ്രസീലുകാർ ‘ജക്ക’ എന്ന് പറയുന്നു . ബ്രസീലിന്റെ ദേശീയ കവി അന്റോണിയോ ഗോൺസാൽവെസും കുമാരനാശാനും തമ്മിലൊരു സാമ്യമുണ്ട് . ഇരുവരും മുങ്ങി മരിക്കുകയാണുണ്ടായത് .  ഇങ്ങനെ കൗതുകകരമായ സംഗതികൾ പോലും വീരേന്ദ്രകുമാർ തന്റെ വായനക്കാർക്ക് നൽകുന്നു .

റിയോ സമ്മേളനത്തിനിടയിൽ അദ്ദേഹവും സംഘവും ആമസോൺ സന്ദർശിക്കുന്നു . ആ മസോണിലെ ഗോത്ര ജീവിതവും സസ്യ വൈവിധ്യവും മനസിലാക്കാൻ അദ്ദേഹത്തിന് സാധിച്ചു . മനുഷ്യ ജീവിതം മാത്രമല്ല അവന്റെ സംസ്ക്കാരത്തെ സ്വാധീനിച്ച മിത്തുകൾ വരെ മനസിലാക്കുകയും വായനക്കാർക്കുവേണ്ടി എഴുതുകയും ചെയ്തു . ആമസോണുകൾ എന്ന ഗോത്രത്തിൽ നിന്നാണ് ആമസോൺ നദി യ്ക്ക് പേരു കിട്ടിയതത്രെ . സ്ത്രീകൾ മാത്രമുള്ള ഗോത്രമായിരുന്നു അത് . സന്താനോ ത്പ്പാദനത്തിന് മാത്രമായി മറ്റ് ഗോത്രങ്ങളിൽ നിന്ന് അവർ പുരുഷന്മാരെ പിടിച്ചു കൊണ്ട് വന്നു . ജനിക്കുന്നത് ആൺകുഞ്ഞാണെങ്കിൽ വധിയ്ക്കുകയും പെൺകുഞ്ഞാണെങ്കിൽ വളർത്തുകയും ചെയ്തു .

ആമസോൺ കാടുകളിൽ ജീവിക്കുന്ന ‘റെഡ് മക്കൗസ്’ എന്ന പക്ഷിയുടെ ജീവിതത്തിനുമുണ്ട് ഒരു കൗതുകം . ജീവിതകാലം മുഴുവൻ ഈ പക്ഷിയ്ക്ക് ഒരു ഇണ മാത്രമേ ഉണ്ടാവുകയുള്ളു . ആ ഇണ മരണപ്പെട്ടാൽ അവ വളരെ ഉയരത്തിലേയ്ക്ക് പറക്കുകയും ചിറകുകൾ പൂട്ടി താഴേയ്ക്ക് വീണ് മരിക്കുകയും ചെയ്യും .

ആമസോൺ നദീതീരത്തെത്തുന്നതോട് കൂടി പ്രകൃതിയ്ക്ക് മനുഷ്യന്റെ മേലുള്ള സ്വാധീനം വ്യക്തമാകുമെന്ന് ഗ്രന്ഥകാരൻ പറയുന്നു . ” നിർമലമായ അന്തരീക്ഷം , സമൃദ്ധമായ ശുദ്ധ വായു , ചുറ്റിലും നദിയും കാണാനിമ്പമുള്ള കാഴ്ച്ചകളും….. മനസ്സിന്റെ ഘനം കുറഞ്ഞു. ഹൃദയം ആർദ്രമായി” എന്ന് അദ്ദേഹം എഴുതി . ആ ആമസോണാണ് ഇന്ന് ഏറ്റവും കൂടുതൽ നശിക്കപ്പെട്ടു കൊണ്ടിരിക്കുന്നത് . ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ ആമസോൺ നേരിടുന്ന വിപത്തുകൾ ലോകത്തിന്റെ ശ്രദ്ധയിലേക്ക് വന്നു . 1992 ൽ ഐക്യരാഷ്ട്ര സംഘടനയുടെ ഭൗമ ഉച്ചകോടി ഇക്കാര്യത്തിൽ ഉത്കണ്ഠ പ്രകടപ്പിച്ചു . എന്നാൽ ആമസോൺ കാടുകൾ ഇപ്പോഴും നശിപ്പിക്കപ്പെടുന്നു .

ആമസോണിന്റെ ആകുലതകൾക്ക് ഒരു ആഗോളമാനമുണ്ട് എന്ന് എഴുത്തുകാരൻ ഈ പുസ്തകത്തിലൂടെ സ്ഥാപിക്കുന്നു . ബ്രസീലിലായാലും ഇന്ത്യയിലായാലും ജൈവ വൈവിധ്യത്തിന്റെ നാശം എല്ലാ മനുഷ്യനെയും ബാധിക്കുന്നു . നമ്മുടെ സൈലന്റ് വാലിയുടേയും പശ്ചിമഘട്ട മലനിരകളുടേയും വയനാടൻ കാടുകളുടേയും അവസ്ഥ ആമസോണിൽ നിന്നൊട്ടും വിഭിന്നമല്ല . പുതിയ തലമുറയ്ക്ക് ‘നരിയും’ ‘പുലിയും’ വെറും കാഴ്ച്ച ബംഗ്ലാവിലെ അന്തേവാസികൾ മാത്രം .അവയുമായി ഇഴുകിച്ചേർന്നുള്ള ജീവിതം ഒരു നൂറ്റാണ്ട് മുമ്പ് വരെ സാധ്യമായിരുന്നു എന്നത് പുതിയ തലമുറയ്ക്ക് അവിശ്വസനീയം . കമ്പോള വ്യവസ്ഥയുടെ ഉപഭോക്തൃ സംസ്കാരത്തിന്റെ അധിനിവേശം മനുഷ്യന്റെ മാത്രം നിലനിൽപ്പിനു വേണ്ടിയായിരുന്നു .

ആമസോൺ നേരിടുന്ന വിപത്തിനെക്കുറിച്ചെഴുതപ്പെട്ട കൃതികളെയും വീരേന്ദ്രകുമാർ പരിചയപ്പെടുത്തുന്നു . കവികളും സാഹിത്യകാരൻമാരുമാണല്ലോ പ്രകൃതിയുടെ നാശത്തിൽ ഏറ്റവും കൂടുതൽ ആകുലരാവുന്നത് . ബ്രസീലിലെ കവികൾ ആമസോണിനെക്കുറിച്ച് പാടുമ്പോൾ കേരളത്തിലെ കവികൾ നിളയെക്കുറിച്ച് പാടുന്നു . ” ആമസോൺ കാടുകളിലെ വൻ മരങ്ങൾ കടപുഴകി വീഴുന്നതിന്റെ പ്രതിധ്വനി ലോകത്തിന്റെ കാടായ കാടുകളിലൊക്കെ കേൾക്കുന്നുണ്ട്” അത് കവികളെ അസ്വസ്ഥരാക്കുന്നു . പരിസ്ഥിതി പ്രവർത്തകരെ കർമ്മനിരതരാക്കുന്നു . പക്ഷേ അപ്പോഴും ചിലരുടെ മനോഭാവം ആമസോൺ മരിച്ചാൽ നമുക്കെന്ത് ചേതം എന്നാണ് . കഷ്ടം !

അനു പി ഇടവ

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക