വീട്ടില്‍ ഒളിപ്പിച്ചുവെച്ച 825 കിലോ ചന്ദനവുമായി രണ്ടുപേര്‍ അറസ്​റ്റില്‍.

 

ചന്ദനം ചീളുകളാക്കി ചാക്കില്‍ സൂക്ഷിച്ച നിലയിൽ വീട്ടില്‍ ഒളിപ്പിച്ചുവെച്ച 825 കിലോ ചന്ദനവുമായി രണ്ടുപേര്‍ അറസ്​റ്റില്‍. പെരിന്തല്‍മണ്ണ അമ്മിനിക്കാട് അത്തിക്കല്‍ സ്വദേശികളായ ചോലമുഖത്ത് അബു (57), ആലിക്കപ്പെറ്റ ഹംസ (71) എന്നിവരാണ് പിടിയിലായത്. വനം വകുപ്പിന് ലഭിച്ച രഹസ്യവിവരത്തി​ന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് ഇവരുടെ വീടുകള്‍ റെയ്ഡ് ചെയ്തത്. അതീവ രഹസ്യമായി നിര്‍മിച്ച മുറികളിലാണ് ചന്ദനം സൂക്ഷിച്ചിരുന്നത്.

 

 

അബുവി​ന്റെ വീട്ടില്‍നിന്ന് 24 ചാക്കും ഹംസയുടെ വീട്ടില്‍നിന്ന് ആറ് ചാക്കുമാണ് കണ്ടെടുത്തത്. മണ്ണാര്‍ക്കാട് ഭാഗത്തെ പലരില്‍നിന്നും ശേഖരിച്ചതാണ് ചന്ദനമെന്ന് കരുതുന്നു. വനത്തില്‍നിന്നും ആദിവാസികളില്‍ നിന്നുമായി ഔഷധസസ്യങ്ങള്‍ ശേഖരിച്ച്‌ വില്‍പന നടത്തുന്ന തൊഴിലാണ് രണ്ടുപേര്‍ക്കും. പ്രതികളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി. ഡെപ്യൂട്ടി റേഞ്ചര്‍ ശശികുമാര്‍ ചെങ്ങല്‍ വീട്ടില്‍, ഫോറസ്​റ്റ്​ സെക്​ഷന്‍ ഓഫിസര്‍മാരായ ഇ.യു. സുരേഷ് കുമാര്‍, ലാല്‍ വി. നാഥ്, വി. വിജയന്‍, ബീറ്റ് ഓഫിസര്‍മാരായ കെ. സതീഷ് കുമാര്‍, അമൃത ലക്ഷ്മി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക