ആറ്റുകാൽ അമ്മയുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങൾ അർപ്പിക്കുന്ന പൊങ്കാല ഇന്ന്. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം നിയന്ത്രണങ്ങളേതുമില്ലാതെ നടക്കുന്ന പൊങ്കാല അർപ്പിച്ച് സായൂജ്യരാകാൻ ലക്ഷക്കണക്കിന് പേരാണ് നഗരത്തിലെത്തിയിട്ടുള്ളത്. രാവിലെ പത്തരയ്ക്ക് ക്ഷേത്രമുറ്റത്തെ പണ്ഡാര അടുപ്പിൽ തീ പകരുന്നതോടെ നഗരത്തിലാകെ നിരന്ന അടുപ്പുകളിൽ പൊങ്കാല സമർപ്പണത്തിന് തുടക്കമാകും. ഉച്ചയ്ക്ക് 2.30 നാണ് പൊങ്കാല നിവേദ്യം. കനത്ത ചൂട് കണക്കിലെടുത്ത് നിർജലീകരണം ഉണ്ടാകാതിരിക്കാൻ ഇടയ്ക്കിടെ ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.
രാവിലെ 10.30 നാണ് അടുപ്പുവെട്ട്. ക്ഷേത്ര തന്ത്രി തെക്കേടത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്നു ദീപം പകര്‍ന്നു മേല്‍ശാന്തി പി കേശവന്‍ നമ്പൂതിരിക്കു കൈമാറും. തിടപ്പള്ളിയിലെയും വലിയ തിടപ്പള്ളിയിലെയും പൊങ്കാല അടുപ്പുകളില്‍ പകര്‍ന്ന ശേഷം മേല്‍ശാന്തി ദീപം സഹമേല്‍ശാന്തിക്കു കൈമാറും. ഉച്ചയ്ക്കു ശേഷം രണ്ടരയ്ക്കാണു നിവേദ്യം. പണ്ടാര അടുപ്പില്‍ ഒരുക്കുന്ന പൊങ്കാലയാണ് ആദ്യം നിവേദിക്കുക. ഈ സമയം തന്നെ ഭക്തര്‍ തയാറാക്കിയ നിവേദ്യങ്ങളിലും തീര്‍ഥം പകരും.
പൊങ്കാല നിവേദ്യത്തിനു മുന്‍പ് ഇക്കുറിയും ആകാശത്തുനിന്ന് പുഷ്പവൃഷ്ടിയുണ്ടാകും. ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിനുവേണ്ടി ചാക്കയിലെ രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജിയിലെ വിമാനങ്ങളാണ് പൂക്കള്‍ വിതറുക. നാലുപതിറ്റാണ്ടായി തുടര്‍ന്നുവരുന്ന ഈ ചടങ്ങിനു തുടക്കമിട്ടത് ‘മഞ്ഞപ്പക്കി’ എന്നു നാട്ടുകാര്‍ വിളിച്ചിരുന്ന മഞ്ഞനിറം പൂശിയ പുഷ്പക്-സെസ്‌ന എഫ്.എ.-152 എന്ന വിമാനമാണ്. ഇത്തവണ പൂക്കളിടുന്നത് സെസ്‌ന 172-ആര്‍ എന്ന വിഭാഗത്തിലുള്ള മൂന്നു വിമാനങ്ങളാണ്. ഉച്ചയ്ക്ക് 2.30-നാണ് പൊങ്കാലനിവേദ്യം. ഇതിനു തൊട്ടുമുന്‍പായിരിക്കും ക്ഷേത്രവളപ്പിലെ ആകാശത്തും നഗരപരിധിയിലും വിമാനങ്ങളെത്തുക.
പ്രദേശത്തെ വിവിധ റസിഡന്റ്സ് അസോസിയേഷന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ പൊങ്കാല ഭക്തരെ സഹായിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. നഗരപരിധിയിലുള്ള വിവിധ ക്ഷേത്ര ഭരണസമിതികളുടെ നേതൃത്വത്തിലും അതത് പ്രദേശത്ത് പൊങ്കാലയിടാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. പൊങ്കാലയര്‍പ്പിക്കാനെത്തുന്നവര്‍ക്ക് കുടിവെള്ളവും ഉച്ചഭക്ഷണവും വിവിധ സന്നദ്ധസംഘടനകളും ക്ലബുകളും റസിഡന്റ്സ് അസോസിയേഷനുകളും ആരാധനാലയങ്ങളും ഒരുക്കിയിട്ടുണ്ട്.
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ ഏറ്റവും പ്രസിദ്ധമായ ചടങ്ങാണ് ആറ്റുകാല്‍ പൊങ്കാല. ഓരോ വര്‍ഷവും പൊങ്കാലയിട്ട് ദേവിയുടെ അനുഗ്രഹം പ്രാപിക്കുവാനായി ഇവിടെ എത്തുന്ന വിശ്വാസികളായ സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുള്ളത്. അന്നപൂര്‍ണ്ണേശ്വരി ദേവിയുടെ ഇഷ്ടവഴിപാടാണ് പൊങ്കാല എന്നാണ് വിശ്വാസം. സ്വയംസമര്‍പ്പണത്തിന്റെ നിര്‍വൃതിയില്‍ വരുംവര്‍ഷത്തേക്കുള്ള ഊര്‍ജവും പ്രതീക്ഷയുമാകും പൊങ്കാല. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് ഹരിത പൊങ്കാലയാണ് ഇത്തവണ നടത്തുകയെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചിരുന്നു.സുരക്ഷയ്ക്കായി മൂവായിരത്തിലേറെ പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. ക്ഷേത്രത്തില്‍ നിന്നുള്ള അറിയിപ്പുകള്‍ കേള്‍ക്കാന്‍ സാധിക്കാത്ത സ്ഥലങ്ങളില്‍ മൈക്കിലൂടെ പോലീസ് അറിയിപ്പും പ്രധാന പോയിന്റുകളില്‍ ആംബുലന്‍സ്, ഫയര്‍ എന്‍ജിന്‍ തുടങ്ങിയ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊങ്കാലയ്ക്കെത്തുന്ന ഭക്തര്‍ക്ക് മടങ്ങുന്നതിനായി കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകളും നടത്തുന്നുണ്ട്.