ന്യൂഡല്‍ഹി: ലണ്ടന്‍ പ്രസംഗം വിവാദമായതിന് പിന്നാലെ രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ നീക്കങ്ങള്‍ ശക്തമാക്കാനൊരുങ്ങി ബിജെപി.
രാഹുല്‍ ഗാന്ധിയുടെ പ്രസ്‌താവനകള്‍ പ്രത്യേക പാര്‍ലമെന്റ് സമിതി അന്വേഷിക്കണമെന്നാണ് ഭരണപക്ഷത്തിന്റെ ആവശ്യം. ഇതിനായി ബിജെപി എം.പി നിഷികാന്ത് ദുബെ ആവശ്യമുന്നയിച്ചു. കമ്മിറ്റി അന്വേഷണത്തിലൂടെ രാഹുല്‍ ഗാന്ധിയെ ലോക്‌സഭാംഗത്വത്തില്‍ നിന്നും പുറത്താക്കാനാണ് ഭരണപക്ഷശ്രമം. പാര്‍ലമെന്റ് ചോദ്യ കുംഭകോണ വിഷയത്തില്‍ 2005ല്‍ പ്രത്യേക സമിതി അന്വേഷിച്ച് 11 പാര്‍ലമെന്റ് അംഗങ്ങളെ പുറത്താക്കിയതാണ് ദുബെ ഇതിനായി ചൂണ്ടിക്കാട്ടുന്നത്.
അതേസമയം സ്‌ത്രീകള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇപ്പോഴും ഇരയാകുന്നു എന്ന ഭാരത് ജോഡോ യാത്രക്കിടയിലെ രാഹുല്‍ ഗാന്ധിയുടെ പ്രസ്‌താവനയ്‌ക്ക് ഡല്‍ഹി പൊലീസ് അദ്ദേഹത്തിന് നോട്ടീസ് നല്‍കി. ലൈംഗിക പീഡന പരാതിയുമായി രാഹുലിനെ സമീപിച്ച സ്‌ത്രീകളെക്കുറിച്ച് വിവരങ്ങള്‍ നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ അദാനി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഭ്രാന്തിയിലായതിനാലാണ് തനിക്കെതിരെ പാര്‍ലമെന്റിനകത്തും പുറത്തും ബിജെപി ബഹളമുണ്ടാക്കുന്നത് എന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. തന്റെ ലണ്ടന്‍ പ്രസംഗത്തെപറ്റി പാര്‍ലമെെന്റില്‍ വിശദീകരിക്കാന്‍ അവസരം നല്‍കണമെന്നും കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ആവശ്യപ്പെട്ടു.