Wednesday, March 22, 2023

അന്ന് മാസ്‌ക് ധരിച്ച്‌ പുറത്തിറങ്ങാമായിരുന്നു, ഇപ്പോള്‍ വീട്ടില്‍ പോലും കഴിയാന്‍ പറ്റാത്ത സാഹചര്യം; ബ്രഹ്മപുരം ‘തീ’ സഭയില്‍

തിരുവനന്തപുരംബ്രഹ്മപുരം തീപിടിത്തത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ- ഭരണപക്ഷ വാക്‌പോര്. ഇന്നലെ വൈകീട്ടോടെ തീ പൂര്‍ണമായി അണച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞപ്പോള്‍ മന്ത്രി പറഞ്ഞത് ശരിയല്ലെന്നും ഇപ്പോഴും തീ ഉയരുന്നതായും ടി ജെ വിനോദ് എംഎല്‍എ പറഞ്ഞു.

ബ്രഹ്മപുരം തീപിടിത്തത്തില്‍ സര്‍ക്കാരും കൊച്ചി കോര്‍പ്പറേഷനും സമ്ബൂര്‍ണമായി പരാജയപ്പെട്ടതായും ടി ജെ വിനോദ് കുറ്റപ്പെടുത്തി. ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയ നോട്ടീസ് നല്‍കി സംസാരിക്കുകയായിരുന്നു ടി ജെ വിനോദ്.

ബ്രഹ്മപുരത്ത് ഇന്നലെ വൈകീട്ടോടെ തീ പൂര്‍ണമായി അണച്ചെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. മന്ത്രിമാര്‍ പലവട്ടം സ്ഥലം സന്ദര്‍ശിക്കുകയും എല്ലാ ക്രമീകരണങ്ങളും ഒരുക്കുകയും ചെയ്തു. ഇതുവരെ തീപിടിത്തത്തിന് പിന്നാലെ ഉണ്ടായ പുക ശ്വസിച്ചതിനെ തുടര്‍ന്ന് 851 പേരാണ് ചികിത്സ തേടിയത്. പത്തുദിവസത്തിനിടെ ഒന്‍പത് മെഡിക്കല്‍ ക്യാമ്ബുകള്‍ സംഘടിപ്പിച്ചതായും മന്ത്രി പറഞ്ഞു. ഇതിന് മറുപടിയായാണ് തീ ഇപ്പോഴും ഉയരുന്നതായി ടി ജെ വിനോദ് പറഞ്ഞത്.

‘ഒരു പ്രദേശത്തെ ജനങ്ങളുടെ ദീനരോദനമാണ് കേള്‍ക്കുന്നത്. സാനുമാഷ് , മമ്മൂട്ടി അടക്കമുള്ളവര്‍ ശ്വാസം മുട്ടുന്നു എന്നാണ് പറഞ്ഞത്. ഇതിന്റെ കാരണക്കാര്‍ ആരാണ് എന്ന് കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണം. കേരളം കണ്ട ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത ദുരന്തമാണ് കൊച്ചിയില്‍ ഉണ്ടായത്. കൊച്ചി ഗ്യാസ് ചേംബര്‍ ആയിമാറി എന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍. വാതിലും ജനലും അടച്ച്‌ വീടുകളില്‍ കഴിയാനാണ് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചത്. ജനലുകളുടെയും വാതിലുകളുടെയും ചെറിയ ദ്വാരം പോലും തുണി ഉപയോഗിച്ച്‌ അടച്ചാണ് അമ്മമാരും കുഞ്ഞുങ്ങളും വീടുകളില്‍ കഴിയുന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കൊച്ചിയിലെ ജനങ്ങള്‍ വിഷപ്പുക ശ്വസിക്കുകയാണ്’ – ടി ജെ വിനോദ് പറഞ്ഞു.

ജോലിക്ക് പോകാന്‍ കഴിയുന്നില്ല. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനും സാധിക്കുന്നില്ല. പുറത്ത് പോകാന്‍ പോലും കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. കോവിഡ് കാലത്ത് മാസ്‌ക് ധരിച്ച്‌ പുറത്തിറങ്ങാമായിരുന്നു. എന്നാല്‍ ഇവിടെ വീടിനുള്ളില്‍ പോലും കഴിയാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. കൊച്ചിയില്‍ മാലിന്യനീക്കം പൂര്‍ണമായി പരാജയപ്പെട്ടു. കൊച്ചി മുഴുവന്‍ മാലിന്യ കൂമ്ബാരമാണ്.ഭരണകൂടത്തിന്റെ പിടിപ്പുകേടാണ് ഈ അവസ്ഥയിലേക്ക് നയിച്ചത്. മന്ത്രി പറയുന്നു, തീ പൂര്‍ണമായി അണച്ചു എന്നു. എന്നാല്‍ ഞാന്‍ ആധികാരികമായി പറയുന്നു. ഇതുവരെ തീ അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. തീപിടിത്തം ഉണ്ടായി ഒന്‍പത് ദിവസത്തിന് ശേഷം മാത്രമാണ് രണ്ടു മന്ത്രിമാര്‍ സ്ഥലം സന്ദര്‍ശിക്കാന്‍ വരെ തയ്യാറായത്. അഗ്നിശമന സേനയെ കാലാനുസൃതമായി പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതാണ് തീപിടിത്തം’- ടി ജെ വിനോദ് പറഞ്ഞു.

ബ്രഹ്മപുരം തീപിടിത്തത്തെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കണ്ടതെന്ന് തദ്ദേശമന്ത്രി എം ബി രാജേഷ് പറഞ്ഞു. തീയണയ്ക്കാന്‍ യുദ്ധകാലടിസ്ഥാനത്തിലുള്ള ഇടപെടലാണ് നടത്തിയതെന്നും ടി ജെ വിനോദിന് മറുപടിയായി എം ബി രാജേഷ് പറഞ്ഞു. തീയണയ്ക്കല്‍ ശാസ്ത്രീയമെന്ന് ന്യൂയോര്‍ക്കിലെ ഫയര്‍വിഭാഗം പറഞ്ഞതായും മന്ത്രി വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കാന്‍ എല്ലാവരും സഹകരിക്കണം. കൊച്ചിയിലെ വായുഗുണനിലവാരത്തില്‍ പരിഭ്രാന്തി വേണ്ടെന്നും മന്ത്രി പറഞ്ഞു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img