കെട്ടിട നിർമ്മാണ ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു

കെട്ടിട നിർമ്മാണ ചട്ടങ്ങൾ ഭേദഗതി ചെയ്യുവാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 1999 ലെ ചട്ടങ്ങൾ പ്രകാരം നിർമ്മാണ മേഖലയ്ക്ക് ലഭിച്ചു കോണ്ടിരുന്ന ചില ആനുകൂല്യങ്ങൾ 2019 ലെ ഭേദഗതിയിലുടെ നഷ്ടപ്പെടുന്നതായി പരാതി ഉയർന്നിരുന്നു. ഇത് പ്രതിസന്ധി നേരിടുന്ന നിർമ്മാണ മേഖലയിൽ കൂടുതൽ രൂക്ഷമായ സ്ഥിതി സംജാതമാക്കുമെന്നും നിർമ്മാണ മേഖലയിലെ സംഘടനകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്ന് ബന്ധപ്പെട്ടവരുമായി സർക്കാർ രണ്ടു തവണ ചർച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പുന:സ്ഥാപിക്കാൻ കഴിയുന്ന ന്യായമായവ പ്രാബല്യത്തിൽ കൊണ്ടു വരാൻ ധാരണയായത്. തുടർന്നാണ് കെട്ടിട നിര്‍മ്മാണ ചട്ടങ്ങളിലെ പുതിയ ഭേദഗതി മന്ത്രിസഭായോഗം അംഗീകരിച്ചത്.

 

2019 ലെ പരിഷ്ക്കരണത്തെ തുടർന്ന് ബിൽട്ടപ്പ് ഏര്യയുടെ അടിസ്ഥാനത്തിൽ ഫ്ലോർ റേഷ്യോ കണക്കാക്കുന്ന രീതി നിലവിൽ വന്നു. ഇങ്ങനെ ചെയ്തപ്പോള്‍ അനുവദിക്കാവുന്ന ഫ്ലോർ ഏര്യ റേഷ്യോ കുറഞ്ഞതായി ബോധ്യപ്പെട്ടിട്ടുണ്ട്. അത് ഒഴിവാക്കാന്‍ ഫ്ലോർ ഏര്യായുടെ അടിസ്ഥാനത്തിൽ തന്നെ ഫ്ലോർ ഏര്യ റേഷ്യോ കണക്കാക്കുന്ന പഴയ ഫോര്‍മുലതന്നെ ഉപയോഗിക്കാന്‍ തീരുമാനിച്ചു.

 

കേരളത്തൽ 8 മീറ്ററിൽ കൂടൂതൽ വീതിയുള്ള റോഡുകള്‍ കുറവാണ് അതുകൊണ്ട് 18,000 സ്ക്വയർ മീറ്ററിൽ കൂടുതൽ വിസ്തീര്‍ണ്ണമുള്ള ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഫീസ്, ഓഡിറ്റോറിയം തുടങ്ങിയ വിഭാഗങ്ങളിൽ ഉള്‍പ്പെടുന്ന കെട്ടിടങ്ങള്‍ക്ക് ആവശ്യമുള്ള റോ‍ഡ് വീതി 8 മീറ്റർ ആയി കുറച്ചു. നിലവിൽ അത് 10 മീറ്ററാണ്.

 

ഇപ്പോള്‍ 4,000 സ്ക്വയർ മീറ്ററിൽ കൂടുതൽ വിസ്തീര്‍ണ്ണമുള്ള വ്യവസായ വിഭാഗങ്ങളിലെ കെട്ടിടങ്ങള്‍ക്ക് റോഡ് വീതി 10 മീറ്ററാണ്. ഇത് 6,000 സ്ക്വയര്‍മീറ്റർ വരെ 5 മീറ്ററും 6,000 സ്ക്വയർ മീറ്ററിൽ കൂടുതൽ ഉള്ളത് 6 മീറ്ററായി ഭേദഗതി ചെയ്തു. സര്‍ക്കാരിന്റെ വ്യവസായ പ്രോത്സാഹന നയത്തിന് പൂരകമായതാണ് ഈ നടപടി. 1999 ചട്ടപ്രകാരം സെ‍റ്റ് ബാക്ക് കണക്കുകൂട്ടുമ്പോള്‍ ശരാശരി സെറ്റ് ബാക്ക് നല്‍കിയാൽ മതിയായിരുന്നു. 2019 ലെ ചട്ടങ്ങളിൽ ഇത് ഒഴിവാക്കിയിരുന്നു. കേരളത്തിലെ പ്ലോട്ടുകള്‍ പൊതുവെ ക്രമമല്ലാത്ത ആകൃതിയുള്ളവയാണ്. ശരാശരി സെറ്റ്ബാക്ക് ഒഴിവാക്കിയത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉളവാക്കിയതായി ശ്രദ്ധയില്‍പ്പെട്ടു. തുടർന്നാണ് ഈ ആനുകൂല്യം പുന:സ്ഥാപിച്ചത്.

 

1000 കോഴികള്‍, 20 പശുക്കള്‍, 50 ആടുകള്‍ തുടങ്ങിയവയെ വളര്‍ത്തുന്നതിന് നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക് ഇനിമുതൽ പെര്‍മ്മിറ്റ് ആവശ്യമില്ല. ഈ മേഖലയിലെ കര്‍ഷകരുടെ ഒരു പ്രധാന ആവശ്യമായിരുന്നു ഇത്. സുഭിക്ഷകേരളം പദ്ധതിയെ ശക്തിപ്പെടുത്താനും ഈ തീരുമാനം സഹായകരമാകും.

 

5 സെന്റിൽ താഴെ പ്ലോട്ടിൽ നിര്‍മ്മിക്കുന്ന വീടിനും 300 സ്ക്വയര്‍മീറ്ററിൽ താഴെ നിര്‍മ്മിക്കുന്ന വീടുകള്‍ക്കും മഴവെള്ള സംഭരണി സ്ഥാപിക്കണമെന്ന നിബന്ധന ഒഴിവാക്കിയതുമാണ് മറ്റൊരു ഭേദഗതി. 3 വര്‍ഷം പ്രവര്‍ത്തി പരിചയമുള്ള ലൈസന്‍സികള്‍ക്ക് (സീനിയർ സൂപ്പര്‍വൈസർ) എഞ്ചിനീയർ -ബി എന്ന തസ്തികയിലേക്ക് പ്രമോഷന്‍ നൽകാനും നിശ്ചയിച്ചു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക