ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു.

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു.

ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തില്‍ പറഞ്ഞു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്.

വിധി കേള്‍ക്കാന്‍ കോടതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഫിലിപ്പ്, ചാക്കോ എന്നീ സഹോദരന്‍മാര്‍ക്കൊപ്പം കോടതിയില്‍ എത്തിയിരുന്നു. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജിതേഷ് ജെ ബാബു, അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്പി കെ സുഭാഷ്, എസ്‌ഐ മോഹന്‍ദാസ് എന്നിവരും കോടതിയില്‍ ഹാജരായിരുന്നു.

രാവിലെ ഒമ്ബതേമുക്കാലോടെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയിലെത്തിയത്. മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടാതെ പിന്‍വാതില്‍ വഴിയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ എത്തിയത്. ഒമ്ബതരയോടെ ജഡ്ജിയും പത്ത് മണിയോടെ പ്രോസിക്യൂട്ടറും അന്വേഷണ ഉദ്യോഗസ്ഥരുമെത്തി. വിധിയുടെ പശ്ചാത്തലത്തില്‍ കന്യാസ്ത്രീകള്‍ കഴിയുന്ന കുറവിലങ്ങാട് മഠത്തിന്‍റെ സുരക്ഷ കൂട്ടിയിട്ടുണ്ട്.

വിധി പറയുന്ന ദിവസം കോടതി പ്രഖ്യാപിച്ചതിനു ശേഷം സഭാ ചാനലിനോട് മാത്രമാണ് ബിഷപ്പ് ഫ്രാങ്കോ പ്രതികരിച്ചത്. വിശ്വാസികള്‍ തനിക്കായി പ്രാര്‍ത്ഥിക്കണം എന്നായിരുന്നു ഫ്രാങ്കോയുടെ പ്രതികരണം.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക