മാര്‍ത്തോമ്മാ സഭ മുന്‍ അധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത (103) കാലം ചെയ്തു.ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പും ഇന്ത്യയിലെ ക്രൈസ്തവ സഭകളില്‍ ഏറ്റവും കൂടുതല്‍ കാലം ബിഷപ്പായിരുന്ന ആത്മീയ ആചാര്യനുമായിരുന്നു അദ്ദേഹം.

മാര്‍ത്തോമ്മാ സഭ മുന്‍ അധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത (103) കാലം ചെയ്തു. കുമ്ബനാട് ഫെലോഷിപ് ആശുപത്രിയില്‍ പുലര്‍ച്ചെ 1.15നായിരുന്നു അന്ത്യം. ഭൗതിക ശരീരം തിരുവല്ല അലക്സാണ്ടര്‍ മാര്‍ത്തോമ്മാ സ്മാരക ഹാളിലേക്കു മാറ്റും. കബറടക്കം നാളെ. ശാരീരിക ക്ഷീണത്തെ തുടര്‍ന്ന് വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ഇന്നലെയാണ് ആശുപത്രി വിട്ടത്. രാത്രിയോടെ സ്ഥിതി മോശമാകുകയായിരുന്നു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പും ഇന്ത്യയിലെ ക്രൈസ്തവ സഭകളില്‍ ഏറ്റവും കൂടുതല്‍ കാലം ബിഷപ്പായിരുന്ന ആത്മീയ ആചാര്യനുമായിരുന്നു അദ്ദേഹം. എഴുത്തിലൂടെയും പ്രസം​ഗത്തിലൂടെയും ചിന്തയും ചിരിയും നിറക്കുന്ന അദ്ദേഹത്തെ 2018ല്‍ രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു.

മാരാമണ്‍ കണ്‍വെന്‍ഷനിലും അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തിലും പ്രഭാഷണം നടത്തിയിട്ടുള്ള ഏക ആധ്യാത്മികപ്രഭാഷകന്‍കൂടിയായിരുന്നു അദ്ദേഹം.മാര്‍ത്തോമ്മാ സഭയിലെ പ്രമുഖ വൈദികനും വികാരിജനറാളുമായിരുന്ന ഇരവിപേരൂര്‍ കലമണ്ണില്‍ കെ.ഇ.ഉമ്മന്റെയും കളക്കാട് നടക്കേവീട്ടില്‍ ശോശാമ്മയുടെയും രണ്ടാമത്തെ മകനായി 1918 ഏപ്രില്‍ 27-ന് ജനിച്ചു. ഫിലിപ്പ് ഉമ്മന്‍ എന്നായിരുന്നുപേര്. മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂര്‍ എന്നിവിടങ്ങളിലായുള്ള സ്‌കൂള്‍വിദ്യാഭ്യാസത്തിനുശേഷം ആലുവ യു.സി. കോളേജിലായിരുന്നു ബിരുദപഠനം.ബംഗളൂരൂ, കാന്റര്‍ബെറി എന്നിവിടങ്ങളില്‍നിന്നായി വേദശാസ്ത്രവും പഠിച്ചു. 1940 സെപ്റ്റംബര്‍ ജൂണ്‍ മൂന്നിന് ഇരവിപേരൂര്‍ പള്ളിയില്‍ വികാരിയായാണ് ദൈവശുശ്രൂഷയുടെ ഔദ്യോഗികതുടക്കം.

1953-54 കാലത്ത് കാന്റര്‍ബറി സെന്റ് അഗസ്റ്റിന്‍ കോളജില്‍ ഉപരിപഠനം. 1954ല്‍ കോട്ടയം- കുന്നംകുളം ഭദ്രാസനാധിപനായി. 1954 മുതല്‍ 63 വരെ കോട്ടയം വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ പദവി വഹിച്ചു. 1954ല്‍ അഖിലലോക സഭാ കൗണ്‍സില്‍ ഇവാന്‍സ്റ്റന്‍ സമ്മേളനത്തില്‍ മാര്‍ത്തോമ്മാ സഭയുടെ പ്രതിനിധിയായി. 1962ല്‍ നടന്ന ചരിത്രപ്രസിദ്ധമായ രണ്ടാം വത്തിക്കാന്‍ സമ്മേളനത്തിലെ ഔദ്യോഗിക നിരീക്ഷകന്‍. 1963ല്‍ മിഷനറി ബിഷപ്. 1968ല്‍ അടൂര്‍-കൊട്ടാരക്കര ഭദ്രാസനാധിപനായി. 1968ല്‍ അഖിലലോക സഭാ കൗണ്‍സില്‍ ഉപ്സാല സമ്മേളനത്തില്‍ മാര്‍ത്തോമ്മാ സഭാ പ്രതിനിധി. 1975ല്‍ വീണ്ടും മിഷനറി ബിഷപ്. 1978 മേയ് മാസം സഫ്രഗന്‍ മെത്രാപ്പൊലീത്താ പദവിലേക്ക് ഉയര്‍ത്തപ്പെട്ടു. 1980ല്‍ തിരുവനന്തപുരം-കൊല്ലം ഭദ്രാസനാധ്യക്ഷനായി. 1990ല്‍ റാന്നി- നിലയ്ക്കല്‍, വടക്കേ അമേരിക്ക ഭദ്രാസന ബിഷപ്. 1997 ഓഗസ്റ്റ് ചെങ്ങന്നൂര്‍- തുമ്ബമണ്‍ ഭദ്രാസനാധ്യക്ഷന്‍. 1999 മാര്‍ച്ച്‌ 15 ഒഫിഷിയേറ്റിങ് മെത്രാപ്പൊലീത്തയായി. 1999 ഒക്ടോബര്‍ 23ന് സഭയുടെ പരമാധ്യക്ഷനായ മാര്‍ത്തോമാ മെത്രാപ്പോലീത്തയുമായി. 2007 ഒക്ടോബര്‍ ഒന്നിന് സ്ഥാനമൊഴിഞ്ഞു.

മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത നിരവധി സവിശേഷതകള്‍ ജീവിതത്തോടു ചേര്‍ത്തുവച്ചയാള്‍ കൂടിയായിരുന്നു വലിയ മെത്രാപ്പോലീത്ത. ആത്മീയ ജീവിതത്തിന്‍റെ ആഴവും പരപ്പും തലമുറകളെ നര്‍മം ചാലിച്ച്‌ പഠിപ്പിച്ച ചിരിയുടെ വലിയ ഇടയനായിരുന്നു അദ്ദേഹം. ജനമനസ്സുകളില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന ആത്മീയ പ്രഭാഷകന്‍. ഒരിക്കല്‍ കേട്ടവരെയും അടുത്തറിഞ്ഞവരെയും വീണ്ടും അടുക്കലെത്താന്‍ പ്രേരിപ്പിക്കുന്നയാള്‍.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക