റായ്പൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് തെരഞ്ഞെടുപ്പ് ഉണ്ടാകില്ല. പാര്‍ട്ടി അധ്യക്ഷന്‍ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുന്ന രീതി തുടരാന്‍, പ്ലീനറി സമ്മേളനത്തിന് മുന്നോടിയായി രാവിലെ ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു.
യോഗം ആരംഭിച്ചപ്പോള്‍ തന്നെ പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ അംഗങ്ങളും അഭിപ്രായം പറയാന്‍ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു.
പൊതു തെരഞ്ഞെടുപ്പും വിവിധ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പും അടുത്ത സാഹചര്യത്തില്‍ നാമനിര്‍ദേശം ചെയ്യുന്ന രീതി തുടര്‍ന്നാല്‍ മതിയെന്ന് ഭൂരിപക്ഷം നേതാക്കളും അഭിപ്രായപ്പെട്ടു. ഈ ഘട്ടത്തില്‍ പ്രവര്‍ത്തകസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നത് പാര്‍ട്ടിയില്‍ കൂടുതല്‍ പൊട്ടിത്തെറി ഉണ്ടായേക്കാമെന്നും നേതാക്കള്‍ സൂചിപ്പിച്ചു.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തകരുടെ ആവേശം കെടുത്തുമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടന്നപോലെ, പ്രവര്‍ത്തകസമിതിയിലേക്കും ഇലക്ഷനിലൂടെ അംഗങ്ങള്‍ വരണമെന്ന് പി ചിദംബരം, അജയ് മാക്കന്‍ തുടങ്ങിയ നേതാക്കള്‍ നിലപാട് അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
തുടര്‍ന്ന് ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് വേണ്ടെന്ന തീരുമാനം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ യോഗത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നതിലൂടെ, പാര്‍ട്ടി നടപടികള്‍ ജനാധിപത്യപരമാണെന്ന സന്ദേശം ജനങ്ങളിലെത്തിയതായി യോഗം വിലയിരുത്തി. മുന്‍ അധ്യക്ഷ സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തില്ല.