ഹാസന്‍: രാജ്യത്ത് ആദ്യമായി എച്ച്3എന്‍2 വൈറല്‍ പനിയെത്തുടര്‍ന്ന് മരണം റിപ്പോര്‍ട്ട് ചെയ്‌തു. കര്‍ണാടക സ്വദേശിയും ഹരിയാന സ്വദേശിയുമാണ് മരിച്ചത്.
മാര്‍ച്ച് ഒന്നിന് പനിയെത്തുടര്‍ന്ന് കര്‍ണാടകയിലെ ഹാസനില്‍ മരിച്ച 82കാരനായ ഹീരെ ഗൗഡയാണ് എച്ച്3എന്‍2 ഇന്‍ഫ്ളുവന്‍സ വന്ന് രാജ്യത്ത് മരിക്കുന്ന ആദ്യത്തെയാള്‍. ഫെബ്രുവരി 24നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രമേഹത്തിനും അമിതരക്തസമ്മര്‍ദ്ദത്തിനും ചികിത്സയിലായിരുന്നു ഇദ്ദേഹം എന്നാണ് വിവരം. അതേസമയം ഹരിയാനയില്‍ മരിച്ചയാളുടെ പേര് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
കൊവിഡിന് സമാനമായ ലക്ഷണങ്ങളുള്ള ഹോങ്കകോംഗ് ഫ്ളൂ എന്നറിയപ്പെടുന്ന എച്ച്3എന്‍2 വൈറല്‍ ബാധയും എച്ച്1എന്‍1 രോഗബാധയും രാജ്യത്ത് മുന്‍പേ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. നിലവില്‍ 90 എച്ച്3എന്‍2 രോഗികളും എട്ട് എച്ച്1എന്‍1 രോഗികളും രാജ്യത്തുണ്ട്. തുടര്‍ച്ചയായ ചുമ, പനി, വിറയല്‍,ശ്വാസ തടസം, ശരീരവേദന എന്നിവയെല്ലാമാണ് ഈ രോഗ ലക്ഷണങ്ങള്‍. ഇവയുള്ളവര്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണം. മുതിര്‍ന്നവരിലും കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും രോഗം ഗുരുതരമാകാം എന്നതിനാല്‍ അത്യന്തം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ അറിയിച്ചിട്ടുണ്ട്.