COVID 19: രക്തഗ്രൂപ്പ് O ആണോ?

O രക്തഗ്രൂപ് വിഭാഗക്കാരിൽ കൊറോണ  വൈറസ്  രൂക്ഷമാകാനുള്ള  സാധ്യതകൾ കുറവാണെന്നു പഠനം. ഇക്കാര്യം വ്യക്തമാക്കുന്ന  രണ്ടു പഠനങ്ങളാണ്  ഇപ്പോൾ  പുറത്ത് വന്നിരിക്കുന്നത്. COVID 19 ബാധിച്ചാലും  അത് രൂക്ഷമാകാനുള്ള  സാധ്യത  ഈ  കൂട്ടരിൽ  വളരെ കുറവാണ്.

എന്തുകൊണ്ടാണ്  O രക്തഗ്രൂപ്പുകാരിൽ  ഇങ്ങനെയൊരു സവിശേഷത  എന്ന്  കണ്ടെത്താൻ ഗവേഷകർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനായുള്ള ഗവേഷണങ്ങളും പുരോഗമിക്കുന്നുണ്ട്.COVID 19 ബാധിച്ച 7422 പേരിൽ 38.4 ശതമാനം O രക്തഗ്രൂപ്പുകാരാണെന്ന് ഡെൻമാർക്കിൽ നടന്ന പഠനം പറയുന്നു. കൊറോണ പരിശോധനയ്ക്ക് വിധേയരാകാത്ത 22 ലക്ഷം പേരിൽ 41  ശതമാനം O രക്തഗ്രൂപ്പുകാരാണ്.

കൊറോണ  സ്ഥിരീകരിച്ചവരിൽ 44.4  ശതമാനം  A രക്തഗ്രൂപ്പുകാർ ആണ്. കൊറോണ രൂക്ഷമായി  ബാധിച്ച  95  രോഗികളിൽ 84 ശതമാനം A, AB രക്തഗ്രൂപ്പുകാർക്ക് വെന്റിലേറ്ററിന്റെ സഹായം ആവശ്യമായി വന്നു. എന്നാൽ, O, B രക്തഗ്രൂപ്പുകാരിൽ    വെന്റിലേറ്ററിന്റെ സഹായം ആവശ്യമായി വന്നത്  61 ശതമാനം പേർക്ക് മാത്രമാണ്.

A, AB രക്ത ഗ്രൂപ്പുകാർക്ക് തീവ്ര പരിചരണ വിഭാഗത്തിൽ ശരാശരി കഴിയേണ്ടി വന്നത് പതിമൂന്നര ദിവസമാണ്. എന്നാൽ, O,B രക്തഗ്രൂപ്പുകാർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞത് ശരാശരി ഒൻപത് ദിവസമാണ്. എന്നാൽ, ഈ രക്തവിഭാഗക്കാർക്ക് കൊറോണയിൽ നിന്നും ഏതെങ്കിലും  തരത്തിലുള്ള  സംരക്ഷണം ലഭിക്കുന്നുണ്ടെന്ന്  കരുതാനാകില്ലെന്നു വിദഗ്ദ്ധർ പറയുന്നു. A  ഗ്രൂപ്പുകാർ പരിഭ്രമിക്കണമെന്നും  O ഗ്രൂപ്പുകാർ കരുതലില്ലാതെ നടക്കണം എന്നുമല്ല ഇതിനർത്ഥമെന്നും   വിദഗ്ദ്ധർ പറയുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക