കുട്ടികളിലെ കൊവിഡ് ചികിത്സാ മാനദണ്ഡങ്ങള്‍ എങ്ങനെ വേണമെന്ന് വ്യക്തമാക്കുന്ന ചികിത്സാ മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍.അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് മാസ്ക് നിര്‍ബന്ധമല്ലെന്നും ഉപയോഗിച്ചാല്‍ നല്ലതെന്നും മാര്‍ഗരേഖ വ്യക്തമാക്കുന്നു, പുതിയ മാര്‍ഗനിര്‍ദേശങ്ങളിങ്ങനെയാണ്.
കൊവിഡ് മൂന്നാംതരംഗം വരുമെന്ന മുന്നറിയിപ്പ് നിലനില്‍ക്കേ, കുട്ടികളിലെ കൊവിഡ് ചികിത്സാ മാനദണ്ഡങ്ങള്‍ എങ്ങനെ വേണമെന്ന് വ്യക്തമാക്കുന്ന ചികിത്സാ മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിയിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വസീസസ് ആണ് ചികിത്സാ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയത്. ആന്റിവൈറല്‍ ജീവന് രക്ഷാ മരുന്നായ റെംഡെസിവിര്‍ കുട്ടികളില്‍ ഉപയോഗിക്കരുതെന്ന് പുതിയ മാര്‍ഗരേഖയില്‍ പറയുന്നു. അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് മാസ്ക് നിര്‍ബന്ധമല്ലെന്നും ഉപയോഗിച്ചാല്‍ നല്ലതെന്നും മാര്‍ഗരേഖ വ്യക്തമാക്കുന്നു.
കൊവിഡ് മൂന്നാം തരംഗം കുട്ടികളെയാണ് ബാധിക്കുകയെന്ന വാര്‍ത്തകള്‍ പലയിടത്തും പ്രചരിക്കുന്നുണ്ടെങ്കിലും രാജ്യത്തെ കൊവിഡ് ടാസ്ക് ഫോഴ്സിലെ മുതിര്‍ന്ന ഡോക്ടര്‍മാരടക്കം അത്തരം ഒരു നിഗമനത്തിലേക്ക് എത്താനുള്ള ഡാറ്റ തങ്ങളുടെ പക്കലില്ലെന്നും, ഈ വിവരം എങ്ങനെയാണ് പടര്‍ന്നതെന്നറിയില്ലെന്നുമാണ് വ്യക്തമാക്കുന്നത്.
പുതിയ മാര്‍ഗനിര്‍ദേശങ്ങളിങ്ങനെയാണ്.
ചെറിയ രോഗലക്ഷണങ്ങളും അണുബാധയുമുള്ള കുട്ടികള്‍
– സ്റ്റിറോയ്ഡുകള്‍ ഈ തരത്തിലുള്ള കുട്ടികള്‍ക്ക് ഒരു കാരണവശാലും നല്‍കരുത്. ആന്റി മൈക്രോബിയലുകളും ഈ കുട്ടികള്‍ക്ക് നല്‍കരുത്.
– HRCT ഇമേജിംഗ് വളരെ ശ്രദ്ധാപൂര്‍വം മാത്രമേ നടത്താവൂ.
– പനിയുണ്ടെങ്കില്‍ എല്ലാ 4 – 6 മണിക്കൂര്‍ ഇടവിട്ട് പാരസെറ്റമോള്‍ നല്‍കാം. തൊണ്ടവേദനയും കഫക്കെട്ടുമുണ്ടെങ്കില്‍ അതിനുള്ള മരുന്ന് നല്‍കാം. സലൈന്‍ ഗാര്‍ഗിളുകള്‍ കുറച്ച് വലിയ കുട്ടികള്‍ക്ക് നല്‍കാം. ടീനേജുകാര്‍ക്കും ചുമയുണ്ടെങ്കില്‍ ഗാര്‍ഗിള്‍ ചെയ്യാന്‍ സലൈന്‍ നല്‍കാം.
താരതമ്യേന കൂടുതല്‍ അണുബാധയുള്ള കുട്ടികള്‍
– ഉടനടി തന്നെ അസുഖം കൂടാതിരിക്കാന്‍ ഓക്സിജന്‍ തെറാപ്പി തുടങ്ങണം
– കോര്ട്ടിക്കോസ്റ്റിറോയ്ഡുകള് ഈ കുട്ടികള്‍ക്ക് നല്‍കരുത്. അസുഖത്തിന്റെ പുരോഗതി പരിശോധിച്ച ശേഷം മാത്രം രക്തം കട്ടപിടിക്കാതിരിക്കാനുള്ള ആന്റി കോഗ്യുലന്റ് മരുന്നുകള്‍ നല്‍കാം.
കടുത്ത അണുബാധയുള്ള കുട്ടികള്‍
-കടുത്ത അണുബാധയുണ്ടെങ്കില്‍, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം – കടുത്ത ശ്വാസംമുട്ട് വരാതിരിക്കാനുള്ള നടപടി ഉടന്‍ തുടങ്ങണം
– ആന്റിമൈക്രോബിയല്‍ മരുന്നുകള്‍ അത്യാവശ്യമെങ്കില്‍ മാത്രമേ നല്‍കാവൂ. അവയവങ്ങള്‍ സ്തംഭിക്കുന്ന അവസ്ഥ വന്നാല്‍ വേണ്ട സഹായം ഉറപ്പാക്കണം.
കാര്‍ഡിയോ പള്‍മിനറി പ്രവര്‍ത്തനങ്ങള്‍ കൃത്യമാണോ എന്നുറപ്പാക്കാന്‍ 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് ആറ് മിനിറ്റ് നടത്തം പരീക്ഷിച്ച് നോക്കണമെന്നും മാര്‍ഗരേഖ പറയുന്നു. പള്‍സ് ഓക്സിമീറ്റര്‍ കുട്ടിയുടെ കയ്യില്‍ ഘടിപ്പിച്ച ശേഷം, ആറ് മിനിറ്റ് മുറിയ്ക്കുള്ളില്‍ നടന്ന് നോക്കണമെന്നാണ് നിര്‍ദേശം.