സംസ്ഥാനത്ത് വീണ്ടും കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കി സര്‍ക്കാര്‍. ജാഗ്രതയില്‍ വിട്ടുവീഴ്ച്ച പാടില്ലെന്ന് മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു. പരിശോധനകളുടെ എണ്ണം ഗണ്യമായി കൂട്ടാനും തീരുമാനിച്ചു.

കണ്ടയ്ന്റ്മെന്റ് സോണുകളില്‍ ശക്തമായ നിയന്ത്രണം തുടരാനും തീരുമാനിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. മാളിലും മാര്‍ക്കറ്റുകളിലും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.

സ്കൂള്‍ കുട്ടികള്‍ക്ക് ബസ് സൗകര്യം കൃത്യമായി ഏര്‍പ്പെടുത്തണം. നിയന്ത്രണങ്ങള്‍ നടപ്പാക്കാനുള്ള ചുമതല പൊലീസിനായിരിക്കും.

 

ട്യൂഷന്‍ സെന്ററുകളിലും ജാഗ്രത വേണം. വിവാഹം, ഗൃഹപ്രവേശം, പൊതുപരിപാടികള്‍ എന്നിവയ്ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണം.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ സമൂഹ വ്യാപന സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. തിരുവനന്തപുരം കോര്‍പ്പറേഷനിലെ 10 വാര്‍ഡുകള്‍ കണ്ടെയന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. തിരുവനന്തപുരം അടക്കമുള്ള മിക്ക ജില്ലകളിലും മാസ് ‌വാക്സിനേഷന്‍ തടസ്സപ്പെടുകയാണ്.

തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് എല്ലാ കോവിഡ് മാനദണ്ഡങ്ങളും രാഷ്ട്രീയപാര്‍ട്ടികള്‍ കാറ്റില്‍പ്പറത്തി. മാസ്‌ക് പോലും ധരിക്കാതെ പ്രകടനങ്ങളും റാലികളും നടത്തി. അപ്പോഴൊന്നും കോവിഡ് നിയന്ത്രണങ്ങളെക്കുറിച്ച്‌ ആരും പറഞ്ഞില്ല. ഇപ്പോള്‍ നിയന്ത്രണം വ്യാപാരികളുടെ മേല്‍ മാത്രം അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ല. ഇതാണ് വ്യാപാരികളുടെയും ഹോട്ടല്‍ ഉടമകളുടെയും പരാതി. കടകള്‍ പ്രവര്‍ത്തിക്കുന്ന സമയം ചുരുക്കിയതും ഹോട്ടലുകളില്‍ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയും മേഖലയില്‍ വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

പൊതുപരിപാടികളില്‍ അമ്ബത് മുതല്‍ നൂറു പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുളളൂ. മാളുകളില്‍ പ്രവേശനത്തിന് ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. വാക്‌സിന്‍ രണ്ട് ഡോസ് എടുത്തവര്‍ക്കും മാളുകളില്‍ പ്രവേശിക്കാം.

രണ്ടരലക്ഷം പേര്‍ക്ക് നാളെയും മറ്റന്നാളുമായി കൊവിഡ് പരിശോധന നടത്താനും തീരുമാനിച്ചു. ഏറ്റവും കൂടുതല്‍ പരിശോധനകള്‍ നടത്തുക, ഏറ്റവും കൂടുതല്‍ കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ജില്ലകളിലൊന്നായ എറണാകുളത്താണ്.

സംസ്ഥാനത്തെ ആശുപത്രികളിലെ തീവ്രപരിചരണവിഭാഗങ്ങളില്‍ കൂടുതല്‍ കിടക്കകള്‍ സജ്ജീകരിക്കാനും ധാരണയായി. പ്രാദേശിക തലത്തില്‍ 144 പ്രഖ്യാപിക്കാനുളള അനുമതി ജില്ലാ കളക്ടര്‍മാര്‍ക്ക് ഇതിനകം നല്‍കിയിട്ടുണ്ട്. ഇത് കൂടാതെ പൊലീസിനെയും സെക്‌ടറല്‍ മജിസ്ട്രേറ്റുമാരെയും ഉപയോഗിച്ച്‌ പൊതു ഇടങ്ങളിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് ആലോചന.

 

 

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക