നെഞ്ച് വേദന, ക്ഷീണം പോലുള്ള ലക്ഷണങ്ങള്‍ അവഗണിക്കരുത്; പനിയില്ലെങ്കിലും ചിലപ്പോള്‍ കോവിഡ് ആകാമെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നെഞ്ച് വേദന , ക്ഷീണം പോലുള്ള രോഗ ലക്ഷണങ്ങള്‍ അവഗണിക്കരുതെന്ന് ആരോഗ്യവിദഗ്ധര്‍. കൊറോണ കാലത്തെ ഹൃദയാരോഗ്യം എന്ന വിഷയത്തെ കുറിച്ച്‌ അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി നടത്തിയ ചര്‍ച്ചയിലാണ് ആരോഗ്യവിദഗ്ധര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

 

രക്തധമനികളില്‍ ക്ലോട്ടുണ്ടാക്കാനും, ഹൃദയമിടിപ്പ് കൂട്ടാനും, കുറയ്ക്കാനും കൊറോണ വൈറസിന് കഴിയും . സാധാരണ ഹൃദയമിടിപ്പില്‍ വ്യതിയാനം കണ്ടെത്തിയാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണമെന്നുംആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. യുവാക്കളുടെ ശ്വാസകോശത്തില്‍ കൊറോണ മൂലം രൂപപ്പെടുന്ന ക്ലോട്ടുകള്‍, ശ്വാസതടസ്സവും, കുറഞ്ഞ രക്ത സമ്മര്‍ദ്ദവും, കുറഞ്ഞ ഓക്‌സിജന്‍ ലഭ്യതയും ഉണ്ടാക്കുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.

 

പ്രാരംഭ ഘട്ടത്തില്‍ കൊറോണ ശ്വാസകോശത്തിന് മാത്രം ക്ഷതമേല്‍പ്പിക്കുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഇപ്പോള്‍ ശരീരത്തിന്റെ എല്ലാ അവയവങ്ങളെയും അതു ബാധിക്കുന്നു എന്ന പഠനങ്ങളും പുറത്തുവരുന്നുണ്ട് . ഈ സാഹചര്യത്തിലാണ് ഇത്തരം രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവഗണിക്കരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കുന്നത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക