മരിച്ച കുട്ടിയുടെ മാതാവ് നേഴ്സിനെ തല്ലിയതായി പരാതി

കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സക്കെത്തിച്ച കുട്ടി മരിച്ചത് കുത്തിവയ്പ് മൂലമാണെന്നാരോപിച്ച്‌ മാതാവ് നഴ്‌സിനെ തല്ലിയതായി പരാതി. സംഭവത്തില്‍ മാതാവിനെതിരെ ഗാന്ധി നഗര്‍ പൊലീസ് കേസെടുത്തു. മാരാരിക്കുളം സ്വദേശിയായ മൂന്നു വയസുകാരനാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11.30നാണ് കടുത്ത പനിയും ഛര്‍ദിയും മൂലം കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച്ച പുലര്‍ച്ചെ മരിച്ചു. കുട്ടി മരിച്ചത് കുത്തിവച്ചതു മൂലമാണെന്ന് ആരോപിച്ച്‌ കുട്ടിയുടെ മാതാവ് നഴ്‌സിനെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പറയുന്നു.
ആശുപത്രി സൂപ്രണ്ട് ഡോ.സവിതയുടെ നേതൃത്വത്തില്‍ മാതാവിനെതിരെ പൊലീസില്‍ പരാതി നല്‍കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ന്യൂമോണിയയാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. അണുബാധയും ഉണ്ടായിരുന്നു. എന്നാല്‍ കുട്ടിയുടെ മരണം സംബന്ധിച്ച്‌ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക