പ്ലസ്ടു വിദ്യാര്‍ഥിനി രേഷ്മ (17) കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന അരുണിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി, രേഷ്മ കുത്തേറ്റ് മരിച്ചതിന് ഒരു കിലോമീറ്റർ അകലെയാണ് ഈ സംഭവവും.

പള്ളിവാസല്‍ പവര്‍ഹൗസിന് സമീപം പ്ലസ്ടു വിദ്യാര്‍ഥിനി രേഷ്മ (17) കൊല്ലപ്പെട്ട സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധു കൂടിയായ പ്രതിയെന്ന് സംശയിക്കുന്ന അരുണിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പള്ളിവാസല്‍ പവര്‍ഹൗസിന് സമീപം തൂങ്ങി മരിച്ച നിലയിലാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചതിന് ഒരു കിലോമീറ്റര്‍ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ട് സ്ഥലമുടമ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

അരുണും രേഷ്മയും തമ്മില്‍ പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. അരുണ്‍ പിതാവിന്റെ അര്‍ദ്ധസഹോദരനായതിനാല്‍ രേഷ്മ ബന്ധത്തില്‍ നിന്നു പിന്മാറാന്‍ ശ്രമിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു.

സമീപത്തെ റിസോര്‍ട്ടിലെ സിസിടിവിയില്‍ പെണ്‍കുട്ടിയും ബന്ധുവായ അരുണും നടന്നു പോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയതോടെയാണ് അന്വേഷണം അരുണിലേയ്ക്ക് എത്തിയത്. കൊലപാതകത്തിനു മുന്‍പു തന്നെ അരുണ്‍ തന്റെ മൊബൈല്‍ ഫോണ്‍ ഒടിച്ചു കളഞ്ഞിരുന്നു. ഫോണിന്റെ ഭാഗങ്ങള്‍ പവര്‍ഹൗസിനു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നാണ് പൊലീസിനു ലഭിച്ചത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അരുണിന്റെ മുറിയില്‍ നിന്നും കുറ്റസമ്മതം നടത്തുന്ന തരത്തിലുള്ള കത്ത് പൊലീസിന് ലഭിച്ചിരുന്നു. അരുണ്‍ രാജകുമാരിയില്‍ വാടകയ്ക്ക് താമസിക്കുന്ന മുറിയില്‍ നിന്നാണ് ആത്മഹത്യാക്കുറിപ്പ് ലഭിച്ചത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക