കൈക്കൂലി വാങ്ങുന്നതിനിടെ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാര്‍ വിജിലന്‍സ് പിടിയില്‍.
ഗൈനക്കോളജി ഡോക്ടര്‍ പ്രദീപ് വര്‍ഗീസ് കോശി, അനസ്തേഷ്യ ഡോക്ടര്‍ വീണാ വര്‍ഗീസ് എന്നിവരാണ് അറസ്റ്റിലായത്. പാവറട്ടി പൂവത്തൂര്‍ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരന്റെ ഭാര്യയുടെ ഗര്‍ഭപാത്രത്തിലെ മുഴ നീക്കുന്നതിനായാണ് കൈക്കൂലി ആവശ്യപ്പെട്ടത്.വെള്ളിയാഴ്ച ശസ്ത്രക്രിയ നടത്താന്‍ തയാറെടുത്തെങ്കിലും ഡോക്ടര്‍മാര്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ പ്രദീപ് വര്‍ഗീസ് കോശിയെ സമീപിച്ചപ്പോള്‍ സര്‍ജറി നടത്തുന്നതിനായി 3,000 രൂപയും അനസ്തേഷ്യ ഡോക്ടറായ വീണാ വര്‍ഗീസ് 2,000 രൂപ ആവശ്യപ്പെട്ടതായാണ് പരാതി.
വിജിലന്‍സിന്റെ നിര്‍ദേശപ്രകാരം പണം കൈമാറിയപ്പോള്‍ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ലെന്നും പണം ബലംപ്രയോഗിച്ച് നല്‍കുകയായിരുന്നെന്നാണ് പിടിയിലായപ്പോള്‍ ഡോക്ടര്‍മാര്‍ പറഞ്ഞത്. അറസ്റ്റിലായ പ്രതികളെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.