മൂന്നാഴ്ച മുമ്ബ് പുലര്‍ച്ചെയൊരുനാള്‍ ചില പ്രദേശങ്ങളെ ഒന്നാകെ കല്‍ക്കൂമ്ബാരമാക്കിയ മഹാഭൂകമ്ബത്തിന്റെ നടുക്കുന്ന ഓര്‍മകളില്‍നിന്ന് തുര്‍ക്കി ജനത ഉടനൊന്നും മോചിതരാകുമെന്ന് തോന്നുന്നില്ല.
അരലക്ഷം പേരെങ്കിലും സംഭവത്തില്‍ മരിച്ചെന്നാണ് ഏകദേശ കണക്ക്. ദുരന്ത ബാധിതരെ അതിവേഗം പതിവു ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനും നാടുകളെ പുനരുദ്ധരിക്കാനുമുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
അതിനിടെ വേറിട്ട സഹായവുമായി തുര്‍ക്കിയിലെ ക്ലബും ആരാധകരും രംഗത്തുവന്നത് ശ്രദ്ധേയമായി. കഴിഞ്ഞ ദിവസം തുര്‍ക്കി സൂപര്‍ ലീഗില്‍ ബെസിക്റ്റാസും അന്‍റ്റാലിയസ്പോറും തമ്മിലെ മത്സരത്തിനിടെയായിരുന്നു സഹായപ്രവാഹം. ദുരന്തത്തിനിരയായ പ്രദേശങ്ങളിലെ കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ പാവകള്‍ സ്വരൂപിച്ചായിരുന്നു മത്സരത്തിനിടെ ആരാധകര്‍ അദ്ഭുതപ്പെടുത്തിയത്.
നാലു മിനിറ്റ് പിന്നിട്ടയുടന്‍ കളി തത്കാലം നിര്‍ത്തിവെച്ചതോടെ ഗാലറിയിലിരുന്നവര്‍ കൈയില്‍ കരുതിയ പാവകള്‍ താഴെ മൈതാനത്തേക്ക് എറിഞ്ഞുനല്‍കി. ചുറ്റും കുമിഞ്ഞുകൂടിയത് ആയിരക്കണക്കിന് പാവകള്‍.
ഇവ പിന്നീട് ദുരന്ത ബാധിത മേഖലകളില്‍ വിതരണം ചെയ്യും. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
ഫെബ്രുവരി ആറിനുണ്ടായ ഭൂകമ്ബത്തില്‍ 50,000 ലേറെ പേരുടെ മരണം ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഘാന ദേശീയ താരം ക്രിസ്റ്റ്യന്‍ അറ്റ്സുവും ദുരന്തത്തില്‍ മരിച്ചിരുന്നു.