8 വര്‍ഷമായി ആശുപത്രിയില്‍ ഭ്രൂണം സൂക്ഷിക്കേണ്ടി വന്ന് സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി,തുടര്‍ ചികിത്സക്കായി ആശുപത്രിയില്‍ ശീതീകരിച്ചു സൂക്ഷിച്ചിട്ടുള്ള ഭ്രൂണം മറ്റൊരു ആശുപത്രിയിലേക്കു കൈമാറാന്‍ കോടതി നിര്‍ദേശിച്ചു.

കൊച്ചി: 8 വര്‍ഷമായി ആശുപത്രിയില്‍ ഭ്രൂണം സൂക്ഷിക്കേണ്ടി വന്ന് സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി.

തുടര്‍ ചികിത്സക്കായി ആശുപത്രിയില്‍ ശീതീകരിച്ചു സൂക്ഷിച്ചിട്ടുള്ള ഭ്രൂണം മറ്റൊരു ആശുപത്രിയിലേക്കു കൈമാറാന്‍ കോടതി നിര്‍ദേശിച്ചു.

ദമ്ബതികളുടെ വന്ധ്യതാ ചികിത്സയുടെ ഭാഗമായിട്ടാണ് 8 വര്‍ഷം ഭ്രൂണം ആശുപത്രിയില്‍ സൂക്ഷിച്ചത്. കുഞ്ഞിനു ജന്മം നല്‍കുകയെന്ന ദമ്ബതികളുടെ ആഗ്രഹവും ഭ്രൂണത്തിന്റെ ജീവിക്കാനുള്ള അവകാശവും പരിഗണിക്കണമെന്നു കോടതി ചൂണ്ടിക്കാണിച്ചു. പെരുമ്ബാവൂര്‍ സ്വദേശികളായ ദമ്ബതികളാണ് കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ജസ്റ്റിസ് വി ജി അരുണിന്റേതാണ് ഉത്തരവ്.

2007ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടികളില്ലാതെ വന്നതോടെ കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റ് ആശുപത്രിയില്‍ ചികിത്സ തേടി. ബീജസങ്കലനം നടത്തിയ ശേഷമുള്ള ഭ്രൂണം 2014 മുതല്‍ ശീതീകരിച്ചു സൂക്ഷിച്ചു. പക്ഷെ ഗര്‍ഭപാത്രത്തിനു വേണ്ടത്ര ശേഷി ഇല്ലെന്ന കാരണത്താല്‍ 2016ല്‍ ചികിത്സ നിര്‍ത്തി. എന്നാല്‍ സമാന ചികിത്സ നടത്തിയ ബന്ധുവിനു ഇരട്ടക്കുട്ടികള്‍ പിറന്നിരുന്നു. ഇതോടെ ദമ്ബതികള്‍ക്കു വീണ്ടും പ്രതീക്ഷയായി.

മറ്റൊരു ആശുപത്രിയില്‍ ചികിത്സ നടത്താന്‍ ഭ്രൂണം കൈമാറണമെന്ന് ദമ്ബതികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ 2022 ജനുവരിയില്‍ നിലവില്‍ വന്ന അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി (ആര്‍ട്) നിയന്ത്രണ നിയമം അനുസരിച്ച്‌ ഭ്രൂണം കൈമാറുന്നത് അനുവദനീയമല്ലെന്നു മറുപടി കിട്ടിയതോടെയാണ് ഹര്‍ജി.

പരമാവധി 10 വര്‍ഷമാണു ഭ്രൂണം സംരക്ഷിക്കാന്‍ കഴിയുക. അതില്‍ 8 വര്‍ഷം കഴിഞ്ഞതിനാല്‍ അനുമതി വൈകരുതെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക