Friday, March 31, 2023

‘ഒരു അമ്മയെ ആദരിക്കണമെന്ന് ക്ഷേത്രം ഭാരവാഹികള്‍ ആവശ്യപ്പെട്ടു’; വിവാദത്തില്‍ പ്രതികരണവുമായി ഇപി ജയരാജന്‍

കൊച്ചി: രോഗബാധിതനായ ഒരു സിപിഎം പ്രവര്‍ത്തകനെ കാണാനാണ് കൊച്ചിയിലെത്തിയതെന്ന് ഇ പി ജയരാജന്‍. കൊച്ചിയിലെത്തിയപ്പോള്‍ ഒരു ക്ഷേത്രത്തിലെ ചടങ്ങിന് പോയിരുന്നു.

അവിടെവച്ച്‌ ഒരു അമ്മയെ ആദരിക്കണമെന്ന് ക്ഷേത്രം ഭാരവാഹികള്‍ ആവശ്യപ്പെടുകയായിരുന്നു. അത് നന്ദകുമാറിന്റെ അമ്മയാണെന്ന് അറിയില്ലായിരുന്നുവെന്നും ഇപി ജയരാജന്‍ പറഞ്ഞു.

ആശുപത്രിയില്‍ പോയശേഷം തിരികെ വരുന്ന വഴിക്ക്, കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മില്‍ ചേര്‍ന്ന എംബി മുരളീധരന്‍ തന്നെ വിളിച്ചു. സമയമുണ്ടെങ്കില്‍ താന്‍ ഭാരവാഹിയായ ക്ഷേത്രത്തില്‍ വരാമോയെന്ന് ചോദിച്ചു. സമയമുള്ളതിനാല്‍ താന്‍ വരാമെന്ന് സമ്മതിക്കുകയും അതുപ്രകാരം അവിടെ ചെല്ലുകയുമായിരുന്നു. ഈ സമയത്ത് കെവി തോമസും അവിടെയുണ്ടായിരുന്നു.

അവിടെയെത്തിയപ്പോള്‍ ക്ഷേത്രത്തില്‍ പ്രായമായ മുതിര്‍ന്നവരെ ആദരിക്കുന്ന ചടങ്ങുണ്ടെന്നും, ഒരു അമ്മയെ ആദരിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. അമ്മയെ അവര്‍ വിളിച്ചു കൊണ്ടുവന്നു. ആദരിക്കാനുള്ള ഷാളും അവരാണ് കൊണ്ടു വന്നത്. പ്രായമായ ആ അമ്മയോട് എനിക്കെന്തു വിരോധം. ഞാന്‍ ആദരിച്ചു. അത് നന്ദകുമാറിന്റെ അമ്മയാണെന്നൊന്നും എനിക്കറിയില്ലായിരുന്നു. അതിനെയാണ് വളച്ചൊടിച്ച്‌ തനിക്കെതിരായി ദുരുദ്ദേശപൂര്‍വം വാര്‍ത്തകള്‍ ചമയ്ക്കുന്നതെന്ന് ഇപി ജയരാജന്‍ പറഞ്ഞു.

ക്ഷേത്രത്തിലെത്തുന്നവര്‍ ഭക്ഷണം കഴിച്ചിട്ടു വേണം പോകാനെന്നും മുരളീധരന്‍ പറഞ്ഞു. അതാണ് പതിവെന്ന് പറഞ്ഞപ്പോള്‍, പതിവ് തെറ്റിക്കേണ്ടെന്നു പറഞ്ഞാണ് താനും തോമസ് മാഷും ഭക്ഷണം കഴിച്ചത്. ഇതെല്ലാം വളച്ചൊടിച്ച്‌ തന്റെ ചോര കുടിക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിച്ചതെന്നും ഇപി ജയരാജന്‍ കുറ്റപ്പെടുത്തി. ദല്ലാള്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തത് വിവാദമായ പശ്ചാത്തലത്തിലായിരുന്നു ഇപി ജയരാജന്റെ പ്രതികരണം. വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് കെവി തോമസും വ്യക്തമാക്കി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img