കണ്ണൂര്‍: തനിക്കെതിരേ ചില ഗൂഢശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഇത്തരം കളികള്‍ക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമായി അറിയാമെന്നും വാര്‍ത്ത തയ്യാറാക്കി കൊടുക്കുന്നത് തിരുവനന്തപുരത്ത് നിന്നാണെന്നും അദ്ദേഹം പറഞ്ഞു.
‘അവര്‍ മാധ്യമങ്ങളെ കൃത്യമായി ഉപയോഗിക്കുന്നതായി എനിക്കറിയാം. കുറച്ചുകാലമായി ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്. ഇന്ന് അതിനെ എതിര്‍ക്കാന്‍ ഞാന്‍ അശക്തനാണ്. ആരോഗ്യപ്രശ്നം ഉണ്ട്’ ഇ.പി ജയരാജന്‍ പറയുന്നു. ഇക്കാര്യങ്ങള്‍ പറയേണ്ട സമയത്ത് പറയുമെന്നും പുറത്തുപറയേണ്ടത് പുറത്തുപറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചിയിലെ ആദരിക്കല്‍ വീവാദം രാഷ്ട്രീയലക്ഷ്യത്തോടെ വാര്‍ത്തയാക്കി. ആരൊക്കെയാണ് അവിടെ ഉണ്ടായിരുന്നതെന്ന് ശ്രദ്ധിച്ചില്ല. സുഹൃത്തിന്റെ അഭ്യര്‍ഥന പ്രകാരമാണ് ക്ഷേത്രത്തിലെത്തിയതെന്ന് ജയരാജന്‍ പറഞ്ഞു. സിപിഎം ജാഥയില്‍ പങ്കെടുക്കാത്തതാണ് മറ്റൊരു വിവാദം. അതില്‍ എല്ലാവരും പങ്കെടുക്കണമെന്നില്ലെന്ന് അദ്ദേഹം പറയുന്നു.
പി. ജയരാജനുമായി ഒരു പ്രശ്നവുമില്ലെന്നും പാര്‍ട്ടി തന്നെ തഴയുന്നു എന്ന വാദം ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തില്ലങ്കേരിയെപ്പോലുള്ള പ്രശ്നങ്ങള്‍ ഗൗരവമായി കാണേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പി.ബി അംഗാമാവാനും പാര്‍ട്ടി സെക്രട്ടറിയാവാനും പറ്റാത്തില്‍ വിഷമമുണ്ടെന്ന് വാര്‍ത്തകളില്‍ കഴമ്ബില്ല. അര്‍ഹതയുള്ള ആള്‍ക്കാരെത്തന്നെയാണ് പാര്‍ട്ടി സ്ഥാനങ്ങള്‍ ഏല്‍പ്പിച്ചിരിക്കുന്നതെന്ന് ഇ.പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.