ഏറ്റുമാനൂർ: അഘോരമൂർത്തിയായ ഏറ്റുമാനൂരപ്പന് ഇന്ന് ആറാട്ട്. പത്ത് ദിവസമായി നടന്ന് വന്ന ഉത്സവആഘോഷങ്ങളുടെ പാരമ്യതയിൽ നിൽക്കുകയാണ് ഭക്തജനങ്ങൾ. പേരൂർ പൂവത്തുംമൂട് മീനച്ചിലാറിന്റെ കടവിലാണ് ആറാട്ട് നടക്കുക. പേരൂർ നിവാസികൾ ഏറ്റുമാനൂരപ്പനെ സ്വീകരിക്കുവാൻ ഒരുങ്ങിക്കഴിഞ്ഞു. വലിയ സ്വീകരണ പന്തലും നിറപറയും നിലവിളക്കും വെടിക്കെട്ടും കലാരൂപങ്ങളുമായി ഓരോ ജംങ്ഷനുകളിലും ഭഗവാനെ സ്വീകരിക്കുവാനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ്.
പേരൂർകാരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ആഘോഷമാണ് ഏറ്റുമാനൂർ ആറാട്ട്. ഓരോ വീടുകളിലെയും ബന്ധുക്കളും അതിഥികളും എല്ലാം എത്തിച്ചേർന്ന് ഉത്സവാന്തരീക്ഷത്തിലായിരിക്കും നാട്.
ഇന്ന് പകൽ 12 മണിക്കു ശേഷം ഏറ്റുമാനൂർ ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്ന ആറാട്ടിന് മഹാദേവന്റെ തിടമ്പേറ്റുന്ന ആനയ്ക്കു മറ്റു രണ്ടു് ആനകളുടെ
അകമ്പടിയോടെ ഭക്തജനങ്ങൾ ഒരുങ്ങന്ന നെൽപറകൾ സ്വീകരിച്ച് ദീപാരധന സമയം പേരുർ കാവ് ഭഗവതി ക്ഷേത്രത്തിൽ എത്തിച്ചേരുന്നു.
അവിടെ ഇറക്കി പൂജയ്ക്കു ശേഷം ഭക്തജന അകമ്പടിയോടെ ആറാട്ടുകടവിലേക്ക്
എത്തിച്ചേരുന്ന ആറാട്ടിന് ദീപാലങ്കാരവും നിറപറ, നുറുകണക്കിന് നിലവിളക്ക് എന്നിവ ഒരുക്കി സ്വീകരിക്കുന്നു.
വിവിധ സ്ഥലങ്ങളിൽ വിവിധ കലാപരിപാടികളും രാവിലെ മുതൽ സദ്യ വട്ടങ്ങളും ഭക്തർ ഒരുക്കിയിട്ടുണ്ട്. രാത്രിയിൽ ചൂടുവെള്ളം, മോരും വെള്ളം കഞ്ഞി എന്നിവയും ഭക്തർ വഴിപാടായി നൽകുന്നു. ആറാട്ടുകടവിലെത്തിയാൽ അകമ്പടി
ആനയിൽ ഒരെണ്ണത്തിനെ ചാലക്കൽ മഹാവിഷ്ണു ക്ഷേത്രത്തിൽ എത്തിക്കുന്നു.
ആറാട്ടുചടങ്ങുകൾ ആരംഭിക്കുന്ന സമയം കടവിന്റെ അക്കരെ തിരുവഞ്ചൂരിൽ
പെരിങ്ങള്ളൂർ ശ്രീ മഹാദേവനും ആറാട്ടിനു തയ്യാറായി നിൽക്കുന്നുണ്ടാവും..
രണ്ടു ദേവന്മാരും ഒരേ സമയം ആറാട്ടുന്ന സമയം ഭക്തജനങ്ങളും ആ കടവിൽ മുങ്ങി
തങ്ങളുടെ ഭക്തി നിർവൃതിയിലാവുന്നു.
മടക്കയാത്രയിൽ ഭകതർ ഒരുക്കന്ന നെൽപറകൾ സ്വീകരിച്ചു ചാലയ്ക്കൽ ക്ഷേത്രത്തിൽ എത്തിചേരുമ്പോൾ ഒരു വർഷം കാത്തിരിക്കുന്ന “ശൈവ വൈഷ്ണുവസംഗമം” നടക്കുന്നു. ഈ സമയം ഭക്തജനങ്ങൾക്ക് പ്രസാദമൂട്ടു
തയ്യാർ ചെയ്തിട്ടുണ്ടു്. അതിനു ശേഷം പുറപ്പെടുന്ന ആറാട്ട് പേരുർ കാവിനടുത്തെത്തുമ്പോൾ വാദ്യമേളങ്ങളില്ലാതെ വിളക്കുകളും പന്തങ്ങളും കെടുത്തി ക്ഷേത്രത്തിനു പിന്നിലൂടെയാവും യാത്ര. ഇതിന്റെ കാരണം പേരുർ കാവിലമ്മ ഏറ്റുമാനൂരപ്പന്റെ മകൾ ആണെന്നും അച്ചന്റെ കൂടെ പോകാൻ സാദ്ധ്യതയുണ്ടെന്നുമാണ്. എന്തായാലും ആറാട്ടു പേരൂർകാവിൽ തിരിച്ചെത്തുന്നതു
പോലെ എന്നൊരു ശൈലി രൂപപ്പെട്ടിട്ടുണ്ടു. വെളുപ്പിന് ഏറ്റുമാനൂരിൽ എത്തുന്ന
ആറാട്ടിനെ വരവേൽക്കാൻ ഗജവീരന്മാരും ഏഴരപ്പൊന്നാനയും ഭക്തജനങ്ങളും
കോവിൽ പാടത്തു തയ്യാറായി നിൽക്കും അവിടെ നിന്നും വരവേൽപ്പോടെ
ക്ഷേത്രത്തിലെത്തുന്നതോടെ കൊടിയിറക്കം നടത്തി പത്തുനാൾ ഉത്സവം സമാപിക്കുന്നു.