Wednesday, March 22, 2023

ഏറ്റുമാനൂരപ്പന്റെ ഏഴരപ്പൊന്നാന ദർശന മാഹാത്മ്യം; ഒരു നോക്ക് കണ്ട് ജീവിതസാഫല്യം നേടാൻ പതിനായിരങ്ങൾ

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ എട്ടാം ഉത്സവനാളായ കുംഭമാസത്തിലെ രോഹിണി നക്ഷത്രത്തിനാണ് പ്രസിദ്ധമായ ഏഴരപ്പൊന്നാന എഴുന്നുള്ളിപ്പ് നടത്തുന്നത്. കുംഭമാസത്തിലെ രോഹിണിനാളില്‍ അര്‍ധരാത്രി ഭഗവാന്‍ ശരഭമൂര്‍ത്തിയായി എത്തി ഇന്ദ്രദേവന്റെ ബ്രഹ്മഹത്യാപാപം തീര്‍ത്തുവെന്നാണ് വിശ്വാസം.അന്നേ ദിവസം ഏറ്റുമാനൂര്‍ തേവര്‍ക്ഷേത്ര മതില്‍ക്കകത്തെ പടിഞ്ഞാറെ മൂലയിലെ ആസ്ഥാന മണ്ഡപത്തില്‍ ഏഴരപ്പെന്നാന ദര്‍ശനം നല്‍കി എഴുന്നള്ളിയിരിക്കുന്നു.ഏഴ് വലിയ ആനകളുടെയും, ഒരു ചെറിയ ആനയുടെയും സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച പൂര്‍ണ്ണരൂപത്തിലുള്ള പ്രതിമകളാണ് ഏഴരപ്പൊന്നാന എന്നറിയപ്പെടുന്നത്. പ്ലാവിന്‍ തടിയില്‍ നിര്‍മ്മിച്ച ഈ ആനകളെ സ്വര്‍ണപാളികളാല്‍ പൊതിഞ്ഞിരിക്കുന്നു. വലിയ ആനകള്‍ക്ക് രണ്ടടിയും ചെറിയ ആനയ്ക്ക് ഒരടിയുമാണ് ഉയരം.

ഏറ്റുമാനൂര്‍ ഏഴരപൊന്നാന ദര്‍ശനം ഭാരതം ഒട്ടുക്കും പ്രസിദ്ധവും ഭക്തജനപ്രിയവുമാണ്. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് തീര്‍ഥാടകസഹസ്രങ്ങള്‍ ദര്‍ശനസായൂജ്യവും അഭിലാഷപൂര്‍ത്തിയും തേടി ഏഴരപൊന്നാന ദര്‍ശനദിവസം ക്ഷേത്രാങ്കണത്തില്‍ എത്തുന്നു.ഏഴരപൊന്നാനയെ കൂടാതെ, രത്‌നഅലക്കുകളുള്ള പൊന്നിന്‍കുട, നെന്മാണിക്യം, രത്‌നംപതിച്ച വലംപിരിശംഖ്, കരിങ്കല്‍ നാഗസ്വരം, സ്വര്‍ണവിളക്ക്, സ്വര്‍ണകുടങ്ങള്‍, സ്വര്‍ണനാണയങ്ങള്‍ എന്നിവയുള്‍പ്പെടുന്ന സവിശേഷശേഖരം ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ്.

ഐതിഹ്യം

അഷ്ടദിക് ഗജങ്ങള്‍

ഏഴരപ്പൊന്നാനകള്‍ അഷ്ടദിക്ക് ഗജങ്ങളെ പ്രതിനിധീകരിക്കുന്നു എന്നാണ് ഐതിഹ്യം. ഐരാവതം, പുണ്ഡീരകം, കൗമുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാര്‍വഭൗമന്‍, വാമനന്‍ എന്നിവയാണ് ദിക്ക്ഗജങ്ങള്‍. വാമനന്‍ ചെറുതാകയാല്‍ അരപൊന്നാന ആകുകയാണ് ഉണ്ടായതത്രേ.

മലയാള വര്‍ഷം 929ല്‍ വടക്കുംകൂര്‍ രാജ്യം പിടിച്ചടക്കുന്നതിനായി തിരുവതാംകൂര്‍ മഹാരാജാവിന്റെ സൈന്യങ്ങള്‍ ഏറ്റുമാനൂരിലെ മാധവിപ്പിള്ളനിലത്തില്‍ പ്രവേശിക്കുകയും അവിടുത്തെ പുരയിടങ്ങളിലെ ഫലപുഷ്ടിയുള്ള വൃക്ഷങ്ങളും മാധവിപ്പള്ളി മഠവും നശിപ്പിച്ചുകളയുകയും ചെയ്തുവത്രെ. തന്നിമിത്തം തിരുവിതാംകൂര്‍ മഹാരാജവിന് ഏറ്റുമാനൂര്‍ മഹാദേവന്റെ അനിഷ്ടവും പല വിധത്തിലുള്ള അനര്‍ത്ഥങ്ങളും സംഭവിക്കുകയാല്‍ തുടര്‍ പരിഹാരാര്‍ത്ഥം മഹാരാജാവു പ്രായശ്ചിത്തമായി നടയ്ക്കുവെച്ചതാണത്രേ ഈ ഏഴരപ്പൊന്നാനകള്‍.

എട്ടുമാറ്റില്‍ ഏഴായിരത്തി ഒരുന്നൂറ്റി നാല്‍പത്തിമൂന്നേ അരയ്ക്കാല്‍ കഴഞ്ചു സ്വര്‍ണ്ണം കൊണ്ട് ഏഴര ആനകളെയും ഏഴു കഴഞ്ചു സ്വര്‍ണ്ണം കൊണ്ട് തോട്ടിയും വളറും തൊണ്ണൂറ്റാറര കഴഞ്ചു സ്വര്‍ണ്ണം കൊണ്ട് ഒരു പഴുക്കാക്കുലയും നടയ്ക്കു വെച്ചുവെന്നാണ് കരുതുന്നത്. അതിന്റെ പ്രായശ്ചിത്തച്ചാര്‍ത്ത് കൊല്ലം 964ആമാണ്ട് ഇടവമാസം പന്ത്രണ്ടാം തിയതി എഴുതിവെച്ചതായി ദേവസ്വത്തില്‍ ഇപ്പോഴും കാണുന്നുണ്ട്.

ഏഴരപ്പൊന്നാനകളെ 973 മാണ്ട് നാടു നീങ്ങിയ തിരുവിതാംകൂര്‍ ധര്‍മ്മരാജാ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ മഹാരാജാവുണ്ടാക്കി വൈക്കം ക്ഷേത്രത്തിലേക്ക് വഴിപാടായി കൊടുത്തയച്ചതാണെന്നും ആനകളെ കൊണ്ടുപോയവര്‍ ഏറ്റുമാനൂരെത്തിയപ്പോള്‍ ഏറ്റുമാനൂര്‍ മഹാദേവന്റെ അനിഷ്ടം കൊണ്ട് ആനകളെ അവിടെനിന്നു കൊണ്ടുപോകാന്‍ നിവൃത്തിയില്ലാതെ വരികയാല്‍ അവ ഏറ്റുമാനൂര്‍ ദേവന്റെ വകയായിത്തീര്‍ന്നതാണെന്നും ഒരു ഐതിഹ്യമുണ്ട്. അതെന്തായാലും തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കാലത്ത് നടയ്ക്കുവെച്ചതാണ് ഈ ഏഴരപ്പൊന്നാനകള്‍.

തിരുവിതാംകൂര്‍ മഹാരാജാവ് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയാണ് ക്ഷേത്രത്തിന് ആനകളെ കാഴ്ചവച്ചത്. അഷ്ട്ടദ്വിഗ്ഗ് പാലകരെയാണ് എട്ട് ഗജങ്ങളായി സങ്കല്പ്പിച്ചിരിക്കുന്നത്. അതില്‍ വാമനന്‍ ചെറുതായതിനാല്‍ അരപ്പൊന്നാനയായി, ഈ അര പൊന്നിന്റെ പുറത്താണ് ഭഗവാന്‍ ആസ്ഥാന മണ്ഡപത്തില്‍ ഇരിക്കുന്നത് .

ഏഴരപ്പൊന്നാന ദര്‍ശനം

ഏഴരപ്പൊന്നാന വര്‍ഷത്തില്‍ കുംഭമാസത്തില്‍ മാത്രമാണ് ഭക്തരുടെ ദര്‍ശനത്തിനായി പുറത്തെടുക്കുക. ക്ഷേത്രത്തിലെ ആസ്ഥാ!ന മണ്ഡപത്തില്‍ അര്‍ദ്ധരാത്രി 12 മണിക്കാണ് ഏഴരപ്പൊന്നാന ദര്‍ശനം നടത്തുന്നത്. പൊന്നാനകളെ ദര്‍ശിച്ചു കാണിക്കയര്‍പ്പിച്ച് ഏറ്റുമാനൂരപ്പനെ പ്രണമിക്കാന്‍ ആയിരങ്ങള്‍ അന്നു ക്ഷേത്രത്തിലെത്തും. ഏഴരപ്പൊന്നാന ദശര്‍നത്തിലൂടെ സര്‍വ്വൈശ്വര്യവും സിദ്ധിക്കുമെന്നാണ് വിശ്വാസം. കുംഭമാസത്തിലെ രോഹിണിനാളില്‍ അര്‍ധരാത്രി ഭഗവാന്‍ ശരഭമൂര്‍ത്തിയായി എത്തി ഇന്ദ്രന്റെ ബ്രഹ്മഹത്യാപാപം തീര്‍ത്തുവെന്നാണ് വിശ്വാസം. സകല ദേവന്മാരും സന്നിഹിതരാകുന്ന ആ സന്ദര്‍ഭത്തില്‍ അഷ്ടദിഗ്ഗജങ്ങളാല്‍ സന്നിഹിതനാകുന്ന ശ്രീപരമശിവനെ വണങ്ങി കാണിക്ക അര്‍പ്പിക്കാന്‍ ഭക്തജന ലക്ഷങ്ങളാണ് എത്താറുള്ളത്. ഏഴരപ്പൊന്നാന ദര്‍ശനത്തിനു മുന്നോടിയായി തങ്കത്തില്‍ തീര്‍ത്ത കുട തലേദിവസം വൈകിട്ട് നടക്കുന്ന സേവയില്‍ എഴുന്നള്ളിക്കുക പതിവുണ്ട്. എട്ടും പത്തും ഉത്സവദിവസങ്ങളില്‍ ഏഴരപൊന്നാനയെ ദര്‍ശനത്തിനായി പുറത്തെടുക്കാറുണ്ട്.അര പൊന്നാനയെ വിഷു ദിവസം ദശര്‍നത്തിന് വയ്ക്കും.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img