പൊലീസിനെ വട്ടം കറക്കിയ വ്യാജ ഡി വൈ എസ് പി ഒടുവില്‍ പിടിയില്‍.പോലീസ് സ്റ്റിക്കര്‍ പതിപ്പിച്ച വാഹനവും വ്യാജ ഐ.ഡി. കാര്‍ഡ്, പോലീസ് യൂണിഫോം, കളിത്തോക്ക് എന്നിവയും പിടിച്ചെടുത്തു.

നാട്ടുകാരെയും വീട്ടുകാരെയും പറ്റിച്ച്‌ പോലീസായി വിലസിയ ‘വ്യാജ അസിസ്റ്റന്റ് കമ്മിഷണര്‍’ പിടിയില്‍. ദിണ്ടിക്കലിലാണ് വാഹനപരിശോധനയ്ക്കിടെ ചെന്നൈ കൊളത്തൂര്‍ സ്വദേശി സി. വിജയനെ (41) പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ മുന്നില്‍ ആളാകാനാണ് പോലീസാണെന്ന പേരില്‍ നടന്നതെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തി. പോലീസ് സ്റ്റിക്കര്‍ പതിപ്പിച്ച വാഹനവും വ്യാജ ഐ.ഡി. കാര്‍ഡ്, പോലീസ് യൂണിഫോം, കളിത്തോക്ക് എന്നിവയും പിടിച്ചെടുത്തു.

ദിണ്ടിക്കല്‍-തേനി ദേശീയ പാതയില്‍ വത്തലഗുണ്ടിന് സമീപത്തെ ടോള്‍ ഗേറ്റില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. സൈറണ്‍ ഘടിപ്പിച്ച കാറില്‍ സംശയിക്കാവുന്ന തരത്തില്‍ ദിണ്ടിക്കലില്‍നിന്ന് ഒരാള്‍ വരുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പട്ടിവീരന്‍പട്ടി പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് പ്രതി പിടിയിലായത്.

 

ടോള്‍ ഗേറ്റില്‍ പോലീസുകാര്‍ വാഹനം തടഞ്ഞപ്പോള്‍ ചെന്നൈയിലെ അസിസ്റ്റന്റ് കമ്മിഷണര്‍ എന്നാണ് പ്രതി പരിചയപ്പെടുത്തിയത്. വാഹനം തടഞ്ഞ പോലീസുദ്യോഗസ്ഥരെ പോലീസ് ശൈലിയില്‍ അഭിവാദ്യം ചെയ്ത് സ്ഥലംവിടാന്‍ ശ്രമിച്ചെങ്കിലും ഇന്‍സ്പെക്ടര്‍ സമ്മതിച്ചില്ല.

രഹസ്യാന്വേഷണ വിഭാഗത്തിലാണെന്നാണ് പരിചയക്കാരോട് പറഞ്ഞിരുന്നത്. പത്ത്‌ മാസത്തോളമായി തട്ടിപ്പ് തുടര്‍ന്നുവരികയായിരുന്നെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായി. പോലീസാണെന്ന വ്യാജേന അയല്‍സംസ്ഥാനങ്ങളിലും ഇയാള്‍ യാത്ര ചെയ്തിരുന്നു. തമിഴ്‌നാട്ടിലെ ഉയര്‍ന്ന പോലീസുദ്യോഗസ്ഥനെന്ന വ്യാജേന ആനുകൂല്യങ്ങള്‍ നേടി ഇയാള്‍ കേരളത്തില്‍ ക്ഷേത്രദര്‍ശനം നടത്തിയിരുന്നെന്നും അന്വേഷണത്തില്‍ കണ്ടെത്തി. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക