അര്‍ബുദരോഗിയെന്നു കള്ളം പറഞ്ഞ് പഴയ സഹപാഠികളില്‍ നിന്നും അധ്യാപകരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവ് പിടിയില്‍.
കരിമണ്ണൂര്‍ മുളപ്പുറം ഐക്കരമുക്കില്‍ സി. ബിജു (45) ആണു പിടിയിലായത്. വാട്സാപ്പ് സന്ദേശം അയച്ചും ശബ്ദം മാറ്റുന്ന മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ബന്ധുക്കളുടെ പേരില്‍ വിളിച്ചുമാണ് ഇയാള്‍ പണം തട്ടിയതെന്നാണ് പൊലീസ് വിശദീകരണം.ബിജു പഠിച്ചിരുന്ന പാലായിലെ ഒരു കോളജിന്റെ വാട്സാപ് ഗ്രൂപ്പില്‍ തനിക്കു കാന്‍സറാണെന്നു പറഞ്ഞ് സന്ദേശമയച്ചും ഇയാളുടെ അമ്മാവനെന്നു പരിചയപ്പെടുത്തി ഗ്രൂപ്പ് അംഗങ്ങളെ വിളിച്ചുമാണ് ബിജു പണം തട്ടിയത്. തുടര്‍ന്നു സഹപാഠികള്‍ പത്തര ലക്ഷത്തോളം രൂപ പിരിച്ചുനല്‍കി. പിന്നാലെ സഹോദരി എന്ന് പരിചയപ്പെടുത്തി മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ സ്ത്രീ ശബ്ദത്തില്‍ ഇയാള്‍ അധ്യാപകരെ വിളിച്ചും സഹായം അഭ്യര്‍ഥിച്ചു. 15 ലക്ഷം രൂപയോളം ഇങ്ങനെ തട്ടിച്ചെടുത്തെന്നാണു പൊലീസ് പറയുന്നത്.
‘അമ്മാവന്റെ’ നമ്ബറിലേക്കു വിളിച്ച സഹപാഠികള്‍ക്കു സംശയം തോന്നിയതോടെ അന്വേഷണം തുടങ്ങി. തൊടുപുഴയില്‍ ജോലി ചെയ്യുന്ന ഒരാള്‍ ഇയാളെ ടൗണില്‍ കണ്ടു. പുതിയ കാര്‍ വാങ്ങിയതായും മനസ്സിലായി. തുടര്‍ന്നു തൊടുപുഴ സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഡിവൈഎസ്പി എം.ആര്‍.മധു ബാബുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. ചേര്‍ത്തല സ്വദേശിയായ ഇയാള്‍ വിവാഹശേഷമാണു മുളപ്പുറത്തെത്തിയത്.