മുംബൈ: ഇന്‍സ്റ്റാഗ്രാമില്‍ ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാമെന്ന് പറഞ്ഞ് 16കാരിയില്‍ നിന്നും 55,000 രൂപ തട്ടിയെടുത്തു.
പിതാവിന്റെ മൊബൈലിലാണ് പെണ്‍കുട്ടി ഇന്‍സ്റ്റാഗ്രാം ഉപയോഗിച്ചിരുന്നത്. മാര്‍ച്ച് ഒന്നിന് സൊനാലി സിംഗ് എന്ന അക്കൗണ്ടില്‍ നിന്നും ഫോളോ റിക്വസ്റ്റ് വന്നു. താന്‍ സ്‌കൂളിലെ പഴയ സഹപാഠിയാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. രണ്ടായിരം രൂപയുണ്ടെങ്കില്‍ ഒരു മണിക്കൂറിനുള്ളില്‍ ഇന്‍സ്റ്റാഗ്രാമിലെ ഫോളോവേഴ്സിന്റെ എണ്ണം 50,000 ആക്കി തരാമെന്ന് വാഗ്‌ദാനം നല്‍കി.
എന്നാല്‍ പറഞ്ഞ തുക പെണ്‍കുട്ടിയുടെ കയ്യിലുണ്ടായിരുന്നില്ല. ഉണ്ടായിരുന്ന 600 രൂപ അയച്ചു നല്‍കി. തുടര്‍ന്ന് മാര്‍ച്ച് നാലിന് വീണ്ടും സന്ദേശമെത്തി പണം തികയില്ലെന്നും നാലായിരം രൂപ കൂടി വേണമെന്നുമായി. ഇതിന് പിന്നാലെ പിതാവിന്റെ അക്കൗണ്ടില്‍ നിന്നും പെണ്‍കുട്ടി ഓണ്‍ലൈനായി പണം നല്‍കി. ഇങ്ങനെ പല സമയങ്ങളിലായി 55,000 രൂപയാണ് പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നും തട്ടിയെടുത്തത്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായ വിവരം പിതാവ് മനസിലാക്കുന്നത്. തുടര്‍ന്ന് മകളോട് കാര്യം തിരക്കിയപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.