കര്‍ഷക സമരം; രാജ്യവ്യാപകമായി ഇന്ന് കരിദിനം ആചരിച്ചു.

നൂറാം ദിനത്തിലേക്ക് കടന്ന കര്‍ഷക സമരത്തില്‍ രാജ്യവ്യാപകമായി കര്‍ഷകര്‍ ഇന്ന് കരിദിനം ആചരിച്ചു. ഡല്‍ഹി അതിര്‍ത്തിയോട് ചേര്‍ന്നുള്ള കെഎംപി എക്‌സ്പ്രസ് വേ കര്‍ഷകര്‍ അഞ്ച് മണിക്കൂര്‍ ഉപരോധിച്ചു. നിയമം പിന്‍വലിക്കും വരെ സമരം തുടരാനാണ് തീരുമാനം.

രാവിലെ 11 മണിക്ക് ആരംഭിച്ച കുണ്ട്‌ലി മനേസര്‍ പല്‍വല്‍ എക്‌സ്പ്രസ് വേ ഉപരോധം വൈകിട്ട് നാല് മണി വരെ നീണ്ടു. ദസന, ബഹദൂര്‍ഗഡ് ടോള്‍ പ്ലാസകളില്‍ ടോള്‍ പിരിക്കുന്നത് കര്‍ഷകര്‍ തടഞ്ഞു. വീടുകളിലും ഓഫീസുകളിലും കറുത്ത പതാക നാട്ടി. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, സംസ്ഥാനങ്ങളില്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിച്ച് നൂറാം ദിനത്തില്‍ പ്രതിഷേധം കടുപ്പിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന്റെ 100 ദിനങ്ങളാണ് കടന്നുപോയതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പുകളിലേക്ക് രാഷ്ട്രീയ ശ്രദ്ധ മാറുമ്പോള്‍ ഈ മാസം 12 മുതല്‍ കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും എതിരെ പ്രചാരണത്തിനിറങ്ങാനാണ് കര്‍ഷകരുടെ തീരുമാനം.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക