ക്ഷീര- കോഴി ക‍ർഷകരുടെ ലൈസൻസ് സംബന്ധിച്ച വ്യവസ്ഥകളിൽ ഇളവു വരുത്തി മന്ത്രിസഭാ യോഗം അനുമതി നൽകി.

സംസ്ഥാനത്തെ ക്ഷീര- കോഴി ക‍ർഷകരുടെ ലൈസൻസ് സംബന്ധിച്ച വ്യവസ്ഥകളിൽ ഇളവു വരുത്തുന്നതിനായി ഇന്നലെ ചേ‍ർന്ന മന്ത്രിസഭാ യോഗം അനുമതി നൽകി. നിലവിൽ 50 കോഴികളിൽ കൂടുതൽ വളർത്തുന്നതിന് പഞ്ചായത്ത് ലൈസൻസ് നിർബന്ധമായിരുന്നു. ഇതു1000 കോഴികൾ ആക്കി ഉയർത്തുവാൻ മന്ത്രിസഭായോ​ഗം തീരുമാനിച്ചു. ഇതുവരെ അഞ്ചിൽ കൂടുതൽ പശുക്കളെ വളർത്തുന്ന ക്ഷീരക‍ർഷകർക്കും പഞ്ചായത്ത് ലൈസൻസ് നി‍ർബന്ധമായിരുന്നു. ഇനി മുതൽ 20 പശുക്കളിൽ കൂടുതലുണ്ടെങ്കിൽ മാത്രം ലൈസൻസ് എടുത്താൽ മതിയാവും. ഇതിനായി പഞ്ചായത്ത് മുൻസിപ്പൽ ചട്ടം ഭേദ​ഗതി ചെയ്യാനും സംസ്ഥാന മന്ത്രിസഭായോ​ഗം തീരുമാനിച്ചു.

കൊല്ലം മൺട്രോതുരുത്തിന് അടുത്ത് പെരുമണിൽ പുതിയ പാലം നിർമ്മിക്കാനും മന്ത്രിസഭായോ​ഗം തീരുമാനിച്ചിട്ടുണ്ട്. ദേശീയതലത്തിൽ വലിയ വിവാദം സൃഷ്ടിച്ച ക‍ർഷക ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനും മന്ത്രിസഭായോ​ഗം തീരുമാനിച്ചിട്ടുണ്ട്. ക‍ർഷക ബില്ലിനെ ചോദ്യം ചെയ്ത് കോടതിയിൽ പോകുന്ന ആദ്യ സംസ്ഥാനമായി ഇതോടെ കേരളം മാറുകയാണ്. സംസ്ഥാനത്തിൻ്റെ അധികാരം കവർന്നെടുക്കുന്നതാണ് പുതിയ നിയമമെന്നും. ഗുരുതരമായ ഭരണഘടനാ വിഷയമാണിതെന്നും മന്ത്രിസഭായോ​ഗം വിലയിരുത്തി.

ദേശീയതലത്തിൽ ക‍ർഷകരുടെ പ്രതിഷേധത്തിനും പ്രക്ഷോഭത്തിനും വഴിയൊരുക്കിയ ബില്ലിനെ സുപ്രീം കോടതിയിൽ എത്തി എതിർക്കുന്നത് രാഷ്ട്രീയ നേട്ടമാകുമെന്നാണ് സ‍ർക്കാരിന്റേയും സിപിഎമ്മിൻ്റേയും കണക്കുകൂട്ടൽ. അകാലിദൾ അടക്കമുള്ള എൻഡിഎ ഘടകക്ഷികളിൽ നിന്നും വിമ‍ർശനം നേരിടുന്നതിനിടെയാണ് ബിജെപി ക‍ർഷക ബില്ലുമായി മുന്നോട്ട് പോകുന്നത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക