കോവിഡ് രോഗി മരണപ്പെട്ടത് ചികിത്സ നിഷേധിച്ചതുകൊണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ ആശുപത്രി ആക്രമിച്ചു.

ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതുകൊണ്ടാണ് കോവിഡ് രോഗി മരണപ്പെട്ടതെന്ന് ആരോപിച്ച് കര്‍ണാടകയില്‍ ബന്ധുക്കള്‍ ആശുപത്രി ആക്രമിച്ചു. ആംബുലന്‍സിന് തീയിട്ടു. കർണാടകയിലെ ബെലഗാവി ബി.ഐ.എം.എസ് ആശുപത്രിയിലായിരുന്നു സംഭവം. ബംഗളൂരുവില്‍ നിന്ന് ഏകദേശം 500 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിൽ ഈ മാസം 19നാണ് ശ്വാസതടസവുമായി രോഗിയെ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു.

 

 

ആരോഗ്യനില വഷളായതോടെ ഇയാളെ ഐസിയുവിലേക്ക് മാറ്റി. പിന്നീട് മരണം സംഭവിക്കുകയായിരുന്നു. ആശുപത്രി ചികിത്സ നിഷേധിച്ചെന്ന് ആരോപിച്ച് ബുധനാഴ്ച രാത്രിയാണ് ആശുപത്രി ജീവനക്കാരെ ബന്ധുക്കള്‍ ആക്രമിച്ചത്. ആശുപത്രിയുടെ ചില്ലുകള്‍ തകര്‍ത്തു. അതേസമയം ഡോക്ടർമാരെയും ജീവനക്കാരെയും ആക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ പൊലീസ് കോവിഡ് രോഗിയുടെ ബന്ധുക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

 

 

കര്‍ണാടകയില്‍ 5030 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഒരു ദിവസം രേഖപ്പെടുത്തുന്ന ഉയര്‍ന്ന കോവിഡ് നിരക്കാണിത്. 47 മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 80863 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.മരണം 1616ഉം ആയി. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച രോഗികളിൽ 2207ഉം ബംഗളൂരുവിൽ നിന്നാണ്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക