സംസ്ഥാനത്ത് പുതിയതായി 63 ഹോട്ട് സ്പോട്ടുകൾ കൂടി; ആകെ 705

സംസ്ഥാനത്ത് കോവി‍ഡ് ബാധിതരുടെ എണ്ണം ഉയർന്നു വരികയാണ്. കഴിഞ്ഞ ദിവസം ആദ്യമായി പ്രതിദിന കണക്ക് 9000 കടന്നു. 9258 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 8274 പേരും സമ്പർക്കത്തിലൂടെ രോഗബാധിതരായവരാണ്. നാല് ജില്ലകളിൽ ആയിരത്തിന് മുകളിലാണ് കോവിഡ് കേസുകൾ സ്ഥിരീകരിച്ചത്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കേരളത്തിലെ വിവിധ ജില്ലകളിലായി 63 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ 15 പ്രദേശങ്ങളെ ഒഴിവാക്കുകയും ചെയ്തു. ഇതോടെ കേരളത്തിലെ ആകെ ഹോട്ട് സ്പോട്ടുകൾ 705 ആയി ഉയർന്നിരിക്കുകയാണ്.

അതേസമയം കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ  നടപ്പാക്കി തുടങ്ങുകയാണ്. പതിമൂന്ന് ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 31 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഈ കാലയളവിൽ പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല. പരീക്ഷകളും തടസ്സമില്ലാതെ നടക്കും.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക