ഇടുക്കി കുഞ്ചിത്തണ്ണി എല്ലക്കല്ലിന് സമീപം മുതലപ്പുഴയാറില്‍ വിനോദസഞ്ചാരി മുങ്ങിമരിച്ചു.
തിരുപ്പൂര്‍ സ്വദേശി അബ്ദുള്ള (25) ആണ് മരിച്ചത്. വെള്ളത്തില്‍ വീണ ഉടന്‍ തന്നെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരാളെ രക്ഷപ്പെടുത്തി.ഉച്ചയോടെയാണ് സംഭവം. ചെന്നൈയില്‍ ഐടി രംഗത്ത് ജോലി ചെയ്യുന്ന 11 അംഗ സംഘമാണ് ഇടുക്കിയില്‍ വിനോദ യാത്രയ്ക്ക് എത്തിയത്. മൂന്നാര്‍ സന്ദര്‍ശിച്ച ശേഷമാണ് സംഘം മുതലപ്പുഴയാറിലെത്തിയത്. പുഴയില്‍ മുങ്ങി താഴുന്നത് കണ്ട് അബ്ദുള്ളയെ കൂട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ തന്നെ പുറത്തെടുത്തെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. അപകടത്തില്‍പ്പെട്ട സംഘത്തില്‍ ഉണ്ടായിരുന്ന മറ്റൊരാളെ രക്ഷിച്ച് അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങള്‍ക്കിടെ ഇടുക്കിയില്‍ ഉണ്ടാവുന്ന രണ്ടാമത്തെ മുങ്ങിമരണമാണിത്.