ഇന്‍ഡോര്‍: തുടര്‍ച്ചയായി രണ്ടു ടെസ്റ്റുകള്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തോടെ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് തിരിച്ചടി.
മൂന്നാം ടെസ്റ്റിന്റെ ആദ്യദിനം ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയുടെ ബാറ്റിങ് നിര 109 റണ്‍സിന് കൂടാരം കയറി. ഓസ്‌ട്രേലിയയുടെ ഇടതുകൈയന്‍ സ്പിന്‍ ബൗളറായ മാത്യു കോനമന്‍ ആണ് ഇന്ത്യയെ തകര്‍ത്തത്. ഇന്ത്യയുടെ നിര്‍ണായകമായ അഞ്ചുവിക്കറ്റുകളാണ് കോന്‍മന്‍ പിഴുതെടുത്തത്.
രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്ന് കളിക്കളത്തില്‍ ഇറങ്ങിയത്. ഫോം മോശമായ കെ എല്‍ രാഹുലിന് പകരം ഗുഭ്മാന്‍ ഗില്‍ ടീമില്‍ ഇടംപിടിച്ചു. മുഹമ്മദ് ഷമ്മിക്ക് വിശ്രമം നല്‍കിയപ്പോള്‍ ഉമേഷ് യാദവിന് അവസരം ലഭിച്ചു. പ്രമുഖ ബാറ്റര്‍മാര്‍ അണിനിരക്കുന്ന ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ വിരാട് കോഹ് ലിയാണ് ടോപ് സ്‌കോറര്‍. 22 റണ്‍സാണ് അദ്ദേഹം നേടിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 12 റണ്‍സില്‍ വച്ചാണ് രോഹിത്തിനെ നഷ്ടമായത്.
ചേതേശ്വര്‍ പൂജാരയ്ക്ക് നാലു പന്തുകള്‍ മാത്രമായിരുന്നു ആയുസ്. ഓസ്‌ട്രേലിയയുടെ മറ്റൊരു സ്പിന്നറായ നഥാന്‍ ലയോണ്‍ പൂജാരയെ ക്ലീന്‍ ബൗള്‍ഡാക്കി. വാലറ്റത്തില്‍ ഉമേഷ് യാദവ് നേടിയ 17 റണ്‍സാണ് ഇന്ത്യയെ 100 റണ്‍സ് കടത്തിയത്. അല്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ നില ദയനീയമാകുമായിരുന്നു. ശുഭ്മാന്‍ ഗില്‍ (21), അക്‌സര്‍ പട്ടേല്‍ (12), ശ്രീകര്‍ ഭരത് (17) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റര്‍മാര്‍.