Thursday, March 30, 2023

നില്‍ക്കുന്ന മണ്ണിനെ കുറിച്ച്‌ നല്ല ബോധമുണ്ട്, തന്റെ വാക്കുകള്‍ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് ഇന്ദ്രന്‍സ്

നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് ഡബ്ല്യു സി സി യെ തള്ളിപ്പറയാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്ന് നടന്‍ ഇന്ദ്രന്‍സ്.

ഇക്കാര്യത്തില്‍ ദിലീപ് തെറ്റ് ചെയ‌്തുവെന്ന് വിശ്വസിക്കുന്നില്ല എന്ന് പറഞ്ഞത്, സഹപ്രവര്‍ത്തകന്‍ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാന്‍ പാടാണ് എന്ന് ഉദ്ദേശിച്ച്‌ മാത്രമാണെന്ന് ഇന്ദ്രന്‍സ് വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം-

കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ വന്ന വന്ന അഭിമുഖവുമായി ബന്ധപ്പെട്ട് ചില സുഹൃത്തുക്കളുടെ അഭിപ്രായം കാണാനും കേള്‍ക്കാനും ഇടയായി. ആരെയെങ്കിലും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ബോധപൂര്‍വ്വം ശ്രമിച്ചിട്ടില്ല.
ഡബ്ല്യു സി സി യെ തള്ളിപ്പറയാനല്ല ശ്രമിച്ചത്, ചിലരെങ്കിലും അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതായി കണ്ടു. എന്റെ ഒരു സഹപ്രവര്‍ത്തകന്‍ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാന്‍ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. പെണ്‍കുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്. അവരുടെ വേദനയില്‍ ഒപ്പം തന്നെയുണ്ട്.

മനുഷ്യരുടെ സങ്കടങ്ങള്‍ വലിയ തോതില്‍ വേദനിപ്പിക്കാറുണ്ട്. എല്ലാ നിലവിളികളും തിരിച്ചറിയാനുള്ള ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്ന് വന്നത്. നില്‍ക്കുന്ന മണ്ണിനെ കുറിച്ച്‌ നല്ല ബോധമുണ്ട്. എന്റെ വാക്കുകള്‍ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു….
എല്ലാവരോടും സനേഹം
ഇന്ദ്രന്‍സ്

വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ഇല്ലായിരുന്നുവെങ്കില്‍ നടിയെ ആക്രമിച്ച കേസില്‍ നടിയെ കൂടുതല്‍ പേര്‍ പിന്തുണയ്ക്കുമായിരുന്നുവെന്ന് ഇന്ദ്രന്‍സ് പ്രതികരിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എട്ടാം പ്രതിയായ ദിലീപ് കുറ്റക്കാരനാണെന്ന് കരുതുന്നില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു. സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള പ്രതികരണത്തിലാണ് ഇന്ദ്രന്‍സ് ഡബ്ല്യു സി സിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ പരാമര്‍ശിച്ചത്.

സംഘടന രൂപപ്പെട്ടില്ലെങ്കിലും നിയമ പോരാട്ടം നടക്കുമായിരുന്നു എന്നും ഇന്ദ്രന്‍സ് പറഞ്ഞു. പ്രശ്നങ്ങളെ എത്രമാത്രം ഒരു സംഘടനയ്ക്ക് ചെറുക്കാനാകും, സ്വയം സുരക്ഷ ഉറപ്പാക്കുക എന്നല്ലാതെ ഇതില്‍ മറ്റൊന്നും ചെയ്യാന്‍ കഴിയില്ല എന്നും ഇന്ദ്രന്‍സ് പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇന്ദ്രന്‍സിന്റെ പ്രതികരണം.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img