Thursday, March 30, 2023

ഇന്‍സ്റ്റഗ്രാം കാമുകിക്ക് ഇറങ്ങി വരാനായി വീടിന്റെ ലൊക്കേഷന്‍ അയച്ചുകൊടുത്തു; ഒടുവില്‍ കോഴിക്കോട് നിന്നെത്തിയത് നാല് മക്കളുടെ അമ്മ, അലമുറയിട്ട് കരഞ്ഞ് 22കാരന്‍

മലപ്പുറം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകിയെ നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ കണ്ടപ്പോള്‍ ഞെട്ടലോടെ പൊട്ടിക്കരഞ്ഞ് കാമുകന്‍.

തന്റെ സങ്കല്‍പ്പങ്ങളിലെ മധുരപ്പതിനേഴുകാരിയെ കാത്തിരുന്ന 22കാരനെ തേടി വീട്ടിലെത്തിയത് നാല് കുട്ടികളുടെ അമ്മയാണ്. മക്കളില്‍ ഒരാള്‍ക്ക് കാമുകന്റെ അതേ പ്രായമാണ്. മലപ്പുറം ജില്ലയിലെ കാളികാവിലാണ് സംഭവം.

കാമുകന്‍ കൈമാറിയ ലൊക്കേഷന്‍ അനുസരിച്ചാണ് കോഴിക്കോട് സ്വദേശിനിയായ കാമുകി കാളികാവിലെ വീട്ടിലെത്തിയത്. പ്രണയം തുടങ്ങിയിട്ട് ഏറെ നാളായെങ്കിലും ഇപ്പോഴാണ് ഇരുവരും നേരില്‍ കാണുന്നത്. കാമുകിയെ നേരിട്ട് കണ്ടതോടെ യുവാവും കുടുംബവും അവരെ വീട്ടില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. യുവാവിന്റെ കൂടെ പുതിയ ജീവിതം തുടങ്ങാനാണ് വന്നതെന്നായിരുന്നു കാമുകിയുടെ മറുപടി. രക്ഷയില്ലാതായതോടെ കാമുകന്‍ അലമുറയിട്ട് കരഞ്ഞു.

കാമുകന് പ്രായം കുറവാണെന്ന് മനസിലാക്കിയിട്ടും വീട്ടമ്മ പിന്മാറാന്‍ കൂട്ടാക്കാത്തതോടെ വീട്ടുകാരും വിഷമത്തിലായി. തുടര്‍ന്ന് കാമുകന്റെ വീട്ടുകാര്‍ പൊലീസിന്റെ സഹായം തേടി. ഇതേസമയം, വീട്ടമ്മയെ കാണാനില്ലെന്ന് ബന്ധുക്കള്‍ കോഴിക്കോട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെ വീട്ടമ്മയെക്കുറിച്ച്‌ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഇവരെ കാമുകന്‍ നിര്‍ബന്ധിച്ച്‌ വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുവന്നു എന്ന ധാരണയില്‍ ഇവര്‍ കാളികാവിലെത്തി. പൊലീസിന്റെ കണ്ണുവെട്ടിച്ച്‌ യുവാവിനെ മര്‍ദിക്കാനായിരുന്നു ബന്ധുക്കളുടെ ലക്ഷ്യം. തുടര്‍ന്ന് ഇവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമായതോടെ പൊലീസ് സ്‌റ്റേഷനില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി യുവാവിനെ വിട്ടയച്ചു. എങ്കിലും ഇപ്പോഴും ഞെട്ടലില്‍ നിന്ന് പൂര്‍ണമായും ഇയാള്‍ മുക്തനായിട്ടില്ല.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img