ഐ പി എൽ: ഹെറ്റ്മേയർ ഹിറ്റിൽ ഡൽഹി; രാജസ്ഥാനെതിരെ 46 റൺസ് ജയം

ഐ പി എല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിൻ്റെ വിജയക്കുതിപ്പ് തുടരുന്നു. രാജസ്ഥാൻ റോയൽസിനെ 46 റൺസിനാണ് ശ്രേയസ് അയ്യരും സംഘവും തോൽപ്പിച്ചത്. സ്കോർ: ഡൽഹി 184/8 (20). രാജസ്ഥാൻ 138 (19.4)

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഡൽഹിയുടെ തുടക്കം ആശാവഹമായിരുന്നില്ല. ജോഫ്ര ആർച്ചറുടെ(മൂന്ന് വിക്കറ്റ്) ബൗളിംഗ് പ്രകടനം ഡൽഹി ബാറ്റ്സ്മാൻമാരെ വെള്ളം കുടിപ്പിച്ചു. ഓപ്പണർമാരായ ധവാനെയും പൃഥ്വി ഷായെയും ആർച്ചർ മടക്കി. താളം കണ്ടെത്തി വരുന്നതിനിടെ ക്യാപ്റ്റൻ ശ്രേയസ് അയ്യർ റൺ ഒട്ടുമായി. ഋഷഭ് പന്തും റൺ ഔട്ടായതോടെ പരുങ്ങലിലായ ഡൽഹിയെ സ്റ്റോയിനിസും ഹെറ്റ്മേയറും ചേർന്നാണ് മത്സരത്തിലേയ്ക്ക് തിരികെ കൊണ്ടുവന്നത്. ബൗണ്ടറികളിലൂടെ ഇരുവരും സ്കോറിംഗിന് വേഗം കൂട്ടി. 30 പന്തിൽ 39 റൺസെടുത്ത് സ്റ്റോയിനിസ് പുറത്തായെങ്കിലും മറുവശത്ത് ഹെറ്റ്മേയർ തകർത്തടിച്ചു. 24 ബോളിൽ 45 റൺസെടുത്താണ് ഹെറ്റ്മേയർ പുറത്തായത്.

185 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ്റെ മുൻനിര ബാറ്റ്സ്മാൻമാർ ഒരിക്കൽക്കൂടി പരാജയപ്പെടുത്തി. ജയ്സ്വാൾ(36 പന്തിൽ 34), ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് (17 പന്തിൽ 24) എന്നിവരൊഴികെയുള്ള മുൻനിരക്കാരെല്ലാം പൊരുതാതെ കീഴടങ്ങി. മലയാളി താരം സഞ്ജു സാംസണ് രണ്ടക്കം തികയ്ക്കാൻ പോലുമായില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടപ്പെട്ടുകൊണ്ടിരുന്നു. മധ്യനിരതാരം ടിവാറ്റിയയുടെ (29 പന്തിൽ 38 റൺസ്) പോരാട്ടം രാജസ്ഥാൻ്റെ തോൽവി ഭാരം കുറയ്ക്കാനേ ഉപകരിച്ചുള്ളൂ. ഒടുവിൽ ജയത്തിന് 46 റൺസ് അകലെ രാജസ്ഥാൻ്റെ ഇന്നിംഗ്സ് അവസാനിച്ചു. ഡൽഹിയ്ക്കായി റബാഡ മൂന്നും അശ്വിൻ, സ്റ്റോയിനിസ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക