IPL ബാംഗ്ലൂരിന് 82 റൺസിൻ്റെ വൻജയം

ഫോമിലേയ്ക്കുയർന്നാൽ എ ബി ഡിവില്ലിയേഴ്സ് എന്ന പവർ ഹിറ്ററെ പിടിച്ചുകെട്ടുക അസാധ്യമെന്ന് കൊൽക്കത്തയ്ക്ക് ശരിക്കും ബോധ്യമായി. ഡിവില്ലിയേഴ്സിൻ്റെ ബാറ്റിംഗ് മികവിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 82 റൺസിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപ്പിച്ചു.
സ്കോർ:
ബാംഗ്ലൂർ 194/2 (20)
കൊൽക്കത്ത 112/9 (20)

ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന് ദേവദത്ത് പടിക്കലും ആരോൺ ഫിഞ്ചും മികച്ച തുടക്കമാണ് നൽകിയത്. ദേവദത്ത് 32 ഉം ഫിഞ്ച് 47 ഉം റൺസെടുത്തു. ഇരുവരും പുറത്തായ ശേഷമാണ് ബാംഗ്ലൂർ ഇന്നിംഗ്സിലെ മികച്ച കൂട്ടുകെട്ട് പിറന്നത്. ക്യാപ്റ്റൻ കോഹ്ലി റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയെങ്കിലും ഡിവില്ലിയേഴ്സ് ഒരറ്റത്ത് തകർത്തടിച്ചു. കൊൽക്കത്തയുടെ ബൗളർമാർ തലങ്ങും വിലങ്ങും പാഞ്ഞു. ആന്ദ്രെ റസലാണ് കൂടുതൽ റൺസ് വഴങ്ങിയത്. 33 പന്തിൽ 73 റൺസെടുത്ത് ഡിവില്ലിയേഴ്സും 33 റൺസെടുത്ത് കോഹ്ലിയും പുറത്താകാതെ നിന്നു. ഇരുവരും ചേർന്ന് 100 റൺസിൻ്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.

കൂറ്റൻ വിജയലക്ഷ്യവുമായിറങ്ങിയ കൊൽക്കത്തയുടെ ബാറ്റിംഗ് പ്രകടനം ഒരു ഘട്ടത്തിലും ബാംഗ്ലൂരിന് വെല്ലുവിളി ഉയർത്തിയില്ല. പൊരുതാൻ പോലും ശ്രമിക്കാതെ ബാറ്റ്സ്മാൻമാർ തിരികെക്കയറി. കൃത്യമായ ഇടവേളകളിൽ ബാംഗ്ലൂരിൻ്റെ ബൗളർമാർ വിക്കറ്റെടുത്തു കൊണ്ടിരുന്നു. 34 റൺസെടുത്ത ശുഭ്മാൻ ഗിൽ മാത്രമാണ് ബാംഗ്ലൂർ ബൗളിംഗിനെ അൽപ്പമെങ്കിലും പ്രതിരോധിച്ചത്. ബാറ്റ്സ്മാൻമാർ ഉത്തരവാദിത്വം മറന്നപ്പോൾ കൊൽക്കത്തയ്ക്ക് 82 റൺസിൻ്റെ വൻ തോൽവി വഴങ്ങേണ്ടി വന്നു. ബാംഗ്ലൂരിനായി വാഷിംഗ്ടൺ സുന്ദറും ക്രിസ് മോറിസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക