അഗർവാളിന്റെ ഒറ്റയാൾ പോരാട്ടം, സൂപ്പർ ഓവറിൽ റബദയുടെ പന്തുകൊണ്ടുള്ള മാസ്മരികത. ഒടുവിൽ ഡൽഹിക്ക് സൂപ്പർ വിജയം

ഐപിഎൽ രണ്ടാം മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ ഡൽഹി ക്യാപിറ്റൽസിനു ജയം. സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിലാണ് ഡൽഹി വിജയം കുറിച്ചത്. ഇരു ടീമുകളും 157 റൺസ് വീതം നേടിയതോടെയാണ് കളി സൂപ്പർ ഓവറിലേക്ക് നീണ്ടത്. ഓപ്പണർ മായങ്ക് അഗർവാളിൻ്റെ ഒറ്റയാൾ പോരാട്ടമാണ് പഞ്ചാബിന് സൂപ്പർ ഓവറിലേക്ക് ആയുസ് നീട്ടി നൽകിയത്. 55/5, 101/6 എന്ന നിലയിൽ തോൽവി ഉറപ്പിച്ച പഞ്ചാബിനെയാണ് ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിൽ പെട്ട ഒരു ഇന്നിംഗ്സിലൂടെ അഗർവാൾ രക്ഷപ്പെടുത്തിയെടുത്തത്.

 

 

ഭേദപ്പെട്ട നിലയിൽ തുടങ്ങിയ കിംഗ്സ് ഇലവനു വേണ്ടി മായങ്ക് അഗർവാളും ലോകേഷ് രാഹുലും ചേർന്ന് 30 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 21 റൺസെടുത്ത രാഹുലിൻ്റെ കുറ്റി പിഴുത മോഹിത് ശർമ്മയാണ് ഡൽഹിക്ക് ആദ്യ ബ്രേക്ക്‌ത്രൂ സമ്മാനിച്ചത്. പിന്നീട് കൂട്ടപ്പൊരിച്ചിലായിരുന്നു. കരുൺ നായർ (1), നിക്കോളാസ് പൂരാൻ (0), ഗ്ലെൻ മാക്സ്‌വൽ (1) എന്നിവർ വേഗം മടങ്ങി. ആറാം ഓവറിൽ കരുണിനെ പൃഥ്വി ഷായുടെ കൈകളിലെത്തിച്ച അശ്വിൻ പൂരാൻ്റെ കുറ്റി തെറിപ്പിച്ചു. മാക്സ്‌വൽ റബാഡയുടെ പന്തിൽ ശ്രേയാസ് അയ്യരുടെ കൈകളിൽ അവസാനിച്ചു.

 

 

അഞ്ചാം വിക്കറ്റിൽ സർഫറാസ് ഖാനുമായി ചേർന്ന് അഗർവാളിൻ്റെ 20 റൺസ് കൂട്ടുകെട്ട്. അക്സർ പട്ടേലിനെ കൂറ്റനടിക്ക് ശ്രമിച്ച് സർഫറാസ് (12) പുറത്തായി. ആറാം വിക്കറ്റിൽ ക്രീസിലെത്തിയ കൃഷ്ണപ്പ ഗൗതം ചില കൂറ്റൻ ഷോട്ടുകളുമായി അഗർവാളിനൊപ്പം 46 റൺസ് കൂട്ടിച്ചേർത്തു. 14 പന്തുകളിൽ 20 റൺസെടുത്ത ഗൗതം റബാഡയുടെ പന്തിൽ ഋഷഭ് പന്തിൻ്റെ കൈകളില അവസാനിച്ചു. ഒരു വശത്ത് വിക്കറ്റുകൾ ഓരോന്നായി കടപുഴകുമ്പോഴും പിടിച്ചു നിന്ന അഗർവാൾ ഇതിനിടെ 45 പന്തുകളിൽ ഫിഫ്റ്റി തികച്ചു.

 

മോഹിത് ശർമ്മ എറിഞ്ഞ 18ആം ഓവറിൽ രണ്ട് സിക്സർ അടക്കം 17 റൺസടിച്ച അഗർവാൾ കിംഗ്സ് ഇലവനു പ്രതീക്ഷ നൽകി. റബാഡ എറിഞ്ഞ 19ആം ഓവറിൽ 13 റൺസ്. അവസാന ഓവറിൽ വിജയിക്കാൻ 13 റൺസ്. അവസാന ഓവർ എറിയാനെത്തിയത് സ്റ്റോയിനിസ്. ആദ്യ പന്ത് തന്നെ അഗർവാൾ ഗാലറിയിലെത്തിച്ചു. രണ്ടാം പന്തിൽ ഡബിൾ. മൂന്നാം പന്തിൽ ഒരു ബൗണ്ടറി. ജയിക്കാൻ മൂന്ന് പന്തിൽ ഒരു റൺ. നാലാം പന്ത് ഡോട്ട്. അഞ്ചാം പന്തിൽ അഗർവാൾ പുറത്ത്. കൂറ്റൻ ഷോട്ടിനു ശ്രമിച്ച അഗർവാൾ ഹെട്മെയറുടെ കൈകളിൽ അവസാനിക്കുകയായിരുന്നു. 60 പന്തുകളിൽ 7 ബൗണ്ടറിയും നാല് സിക്സറും സഹിതം 89 റൺസിൻ്റെ ഐതിഹാസിക ഇന്നിംഗ്സിനൊടുവിലാണ് അഗർവാൾ മടങ്ങിയത്. 56 റൺസിൻ്റെ കൂട്ടുകെട്ടാണ് ഏഴാം വിക്കറ്റിൽ ജോർഡനുമായി അഗർവാൾ കെട്ടിപ്പടുത്തത്. ഇതിൽ ജോർഡൻ്റെ സംഭാവന വെറും അഞ്ച് റൺസായിരുന്നു. അവസാന പന്തിൽ ക്രിസ് ജോർഡൻ റബാഡയുടെ കൈകളിൽ അവസാനിച്ചു. കളി സൂപ്പർ ഓവറിലേക്ക്.

 

 

ഡൽഹിക്കായി റബാഡ പന്തെറിഞ്ഞപ്പോൾ കിംഗ്സ് ഇലവനു വേണ്ടി ക്യാപ്റ്റൻ ലോകേഷ് രാഹുലും നിക്കോളാസ് പൂരാനും ബാറ്റിംഗിനിറങ്ങി. ആദ്യ പന്തിൽ ഡബിളോടിയ രാഹുൽ ർണ്ടാം പന്തിൽ അക്സർ പട്ടേലിനു ക്യാച്ച് സമ്മാനിച്ച് പുറത്തായി. അടുത്ത പന്തിൽ പൂരാൻ കുറ്റി തെറിച്ചു മടങ്ങി. കിംഗ്സ് ഇലവൻ്റെ വിജയ ലക്ഷ്യം മൂന്ന് റൺസ്. ഷമി എറിഞ്ഞ സൂപ്പർ ഓവറിൽ ബാറ്റ് ചെയ്യാനിറങ്ങിയത് ശ്രേയാസ് അയ്യരും ഋഷഭ് പന്തും. ആദ്യ പന്തിൽ പന്തിനു റൺ എടുക്കാനായില്ല. രണ്ടാം പന്ത് വൈഡായി. അടുത്ത പന്തിൽ ഡബിളോടിയ പന്ത് ഡൽഹിക്ക് അനായാസ ജയം സമ്മാനിച്ചു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക