ഐ പി എൽ: ചെന്നൈക്കെതിരെ ഡൽഹിക്ക് 44 റണ്‍സിന്റെ ജയം, ഇതോടെ രണ്ട് കളിയിലും ജയിച്ച ഡൽഹി പോയിന്റ് ടേബിളിൽ ഒന്നാമത്

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ ഏഴാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിനു ജയം. 44 റൺസിനാണ് ഇളമുറക്കാർ വെറ്ററൻസിനെ കീഴ്പ്പെടുത്തിയത്. 176 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈക്ക് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുക്കാനേ സാധിച്ചുള്ളൂ. 43 റൺസെടുത്ത ഫാഫ് ഡുപ്ലെസി ആണ് ചെന്നൈയുടെ ടോപ്പ് സ്കോറർ. ഡൽഹിക്കായി കഗീസോ റബാഡ മൂന്നും ആൻറിച് നോർജെ രണ്ടും വിക്കറ്റുകൾ വീതം വീഴ്ത്തി. ജയത്തോടെ രണ്ട് മത്സരങ്ങളിൽ രണ്ട് ജയവുമായി ഡൽഹി പോയിൻ്റ് ടേബിളിൽ ഒന്നാമതെത്തി.

 

കഗീസോ റബാഡ, അക്സർ പട്ടേൽ, ആൻറിച്ച് നോർജെ, അവേഷ് ഖാൻ എന്നിവരാണ് ഡൽഹിക്കായി പവർ പ്ലേ ഓവറുകൾ പങ്കിട്ടത്. അവേഷ് ഖാൻ മാത്രമാണ് അല്പമെങ്കിലും മോശമാക്കിയത്. മറ്റ് മൂവരും ഗംഭീരമായി പന്തെറിഞ്ഞതോടെ ചെന്നൈ ബാറ്റ്സ്മാന്മാർ റൺ കണ്ടെത്താൻ വിഷമിച്ചു. അഞ്ചാം ഓവറിൽ ഷെയിൻ വാട്സൺ അക്സർ പട്ടേലിൻ്റെ പന്തിൽ ഹെട്‌മെയറിനു പിടി നൽകി മടങ്ങിയതോടെ ചെന്നൈക്ക് ആദ്യ വിക്കറ്റ് നഷ്ടം. ക്രീസിൽ ഏറെ ബുദ്ധിമുട്ടിയ മുരളി വിജയ് (10) പവർ പ്ലേയുടെ അവസാന പന്തിൽ നോർജെയുടെ കൈകളിൽ അവസാനിക്കുമ്പോൾ സ്കോബോർഡിൽ വെറും 34 റൺസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഋതുരാജ് ഗെയ്‌ക്‌വാദ് (5) റണ്ണൗട്ടായി.

 

നാലാം വിക്കറ്റിൽ ഫാഫ് ഡുപ്ലെസിയും കേദാർ ജാദവും ഒത്തുചേർന്നു. ഇരുവരും ചേർന്ന് 54 റൺസിൻ്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കി. 16ആം ഓവറിൽ ആൻറിച് നോർജെയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. നോർജെ ജാദവിനെ (26) വിക്കറ്റിനു മുന്നിൽ കുരുക്കി. ഇതിനിടെ അവേഷ് ഖാൻ്റെ ഓവറുകളിൽ ഹെട്‌മെയറും നോർജെയും ഓരോ തവണ വീതം ഡുപ്ലെസിയുടെ ക്യാച്ച് പാഴാക്കി. റബാഡയുടെ ഓവറിൽ വീണ്ടും ഹെട്‌മെയർ ഡുപ്ലെസിയെ കൈവിട്ടു. ആ ഓവറിൽ തന്നെ ഡുപ്ലെസി ഋഷഭ് പന്തിൻ്റെ കൈകളിൽ അവസാനിച്ചു. 43 റൺസെടുത്തതിനു ശേഷമാണ് താരം പവലിയനിലേക്ക് മടങ്ങിയത്.

 

ഡെത്ത് ഓവറുകളിൽ ഗംഭീരമായി പന്തെറിഞ്ഞ ഡൽഹി ബൗളർമാർ ധോണിയ്ക്കും ജഡേജക്കും സ്കോർ ചെയ്യാൻ അവസരം നൽകിയതേയില്ല. റബാഡ എറിഞ്ഞ അവസാന ഓവറിൽ ഋഷഭ് പന്തിനു പിടിനൽകി ധോണിയും (15) മടങ്ങി. അവസാന പന്തിൽ ജഡേജ (12) അമിത് മിശ്രയുടെ കൈകളിൽ അവസാനിച്ചതോടെ ചെന്നൈയുടെ തക്ര്ച്ച പൂർണ്ണം.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക