ഐ പി എൽ: കെ എൽ രാഹുലിന്റെ സെഞ്ച്വറിയിൽ ആദ്യ ജയം സ്വന്തമാക്കി പഞ്ചാബ്
ഐ പി എല്ലിൽ വിരാട് കോഹ്ലിയുടെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ തകർത്ത് കിംഗ്സ് ഇലവൻ പഞ്ചാബ് ആദ്യ ജയം സ്വന്തമാക്കി. 97 റൺസിനാണ് പഞ്ചാബ് റോയൽ ചലഞ്ചേഴ്സിനെ തകർത്തത്. 69 പന്തിൽ ഏഴ് സിക്സും 14 ബൗണ്ടറിയും ഉൾപ്പെടെ 132 റൺസെടുത്ത രാഹുലിന്റെ സെഞ്ച്വറിയുടെ പിൻബലത്തിൽ പഞ്ചാബ് ഇരുപത് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്തു. പഞ്ചാബ് ക്യാപ്റ്റൻ കെ എൽ രാഹുൽ പുറത്താകാതെ നിന്നു.
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബാംഗ്ലൂരിന്റെ പേരുകേട്ട ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയായിരുന്നു. നാലു റണ്‍സ് എടുക്കുന്നതിനിടെ ദേവദത്ത് പടിക്കല്‍ (1), ജോഷ് ഫിലിപ്പ് (0), ക്യാപ്റ്റന്‍ വിരാട് കോഹ്ലി (1) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായ ബാംഗ്ലൂരിന് തുടര്‍ന്ന് ആരോണ്‍ ഫിഞ്ചിനെയും (20) എബി ഡിവില്ലിയേഴ്സിനെയും (28) നഷ്ടമായി.
27 പന്തില്‍ ഒരു സിക്സും രണ്ടു ഫോറുമടക്കം 30 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറാണ് ബാംഗ്ലൂര്‍ നിരയിലെ ടോപ് സ്കോറര്‍. ശിവം ദുബെ (12), ഉമേഷ് യാദവ് (0), സെയ്നി (6), ചാഹല്‍ (1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. പഞ്ചാബിനായി രവി ബിഷ്ണോയ്, മുരുകന് അശ്വിന് എന്നിവര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.