ചെറിയ പട്ടണത്തിലെ കടലല്ല , ഒരു മഹാ സമുദ്രമാണ് ഇന്ദിരാഗാന്ധി

”ആ ഒരു ലാൻഡിങ്ങിന് വേണ്ടിയായിരുന്നു ആ ഹെലിപ്പാഡ് ഉണ്ടാക്കിയത് . ആർമി ഹെലികോപ്റ്റർ ക്ലിഫിലേക്ക് പറന്നിറങ്ങുമ്പോൾ എല്ലാവരുടെയും കണ്ണുകൾ പൊടി കൊണ്ട് മൂടപ്പെട്ടു . ചെങ്കണ്ണ് ബാധിക്കുന്നവർ വയ്ക്കുന്നതു പോലത്തെ കറുത്ത കണ്ണട ധരിച്ചിരുന്നത് കൊണ്ട് ഇന്ദിരാഗാന്ധിയുടെ കണ്ണുകൾ മാത്രം മൂടപ്പെട്ടിരുന്നില്ല . അവർ തന്നെ കാണാൻ വന്ന ജനക്കൂത്തിന് നേരെ കൈവീശിക്കാണിച്ചു.” . പ്രശസ്ത എഴുത്തുകാരൻ അനീസ് സലീം ഇന്ദിരാഗാന്ധി വർക്കല ക്ലിഫിലുള്ള ഹെലിപ്പാഡിൽ വന്നിറങ്ങിയത് വർണ്ണിക്കുന്നത് ഇങ്ങനെയാണ് . അദ്ദേഹത്തിന്റെ The Small town Sea എന്ന നോവലിലാണ് ഇന്ദിരാഗാന്ധിയുടെ വർക്കല സന്ദർശനം വിവരിക്കുന്നത് . (നോവലിൽ ഒരിടത്തും വർക്കല എന്ന പേരില്ല . പക്ഷേ എഴുത്തുകാരൻ വർക്കലക്കാരനായതിനാലും വർക്കല ഹെലിപ്പാഡ് ഇന്ദിരാജിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നിർമ്മിച്ചതായതിനാലും നമുക്ക് അങ്ങനെ ഊഹിക്കാം) . കഥാനായകന്റെ ഉമ്മയും വാപ്പയും ഇന്ദിരാജിയെ കാണാൻ ക്ലിഫിൽ എത്തിയിരുന്നു . അന്ന് 10 വയസുണ്ടായിരുന്ന ആ ആൺകുട്ടിയും 5 വയസ്സുണ്ടായിരുന്ന ആ പെൺകുട്ടിയും റോഡിന്റെ ഇരുവശത്തും (ആൾക്കൂട്ടത്തിൽ) നിന്ന് പ്രധാനമന്ത്രിയെ കൈ വീശി കാണിച്ചു .
വർഷങ്ങൾക്ക് ശേഷം തങ്ങൾ വിവാഹിതരാവുമെന്നും ഒരുമിച്ച് ക്ലിഫിലെത്തുമെന്നും അന്ന് അവർ കരുതിയില്ല . കഥ അങ്ങനെ പോകുന്നു . നമുക്ക് കാര്യത്തിലേയ്ക്ക് വരാം .

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഇന്ദിരാഗാന്ധിയോളം ചർച്ചചെയ്യപ്പെട്ട വ്യക്തിത്വങ്ങൾ അപുർവ്വമായിരുന്നു . ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയുടെ പിരിച്ചുവിടൽ , എഴുപത്തിയഞ്ചിലെ അടിയന്തിരാവസ്ഥ , സഞ്ജയ് ഗാന്ധി എന്ന പുത്രൻ എന്നീ കാരണങ്ങളാൽ വെറുക്കപ്പെടുമ്പോഴും ഇന്ദിരാഗാന്ധി സ്നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തിരുന്നു . അനീസ് സലീം തന്റെ നോവലിൽ വർണ്ണിച്ചതു പോലുള്ള ജനാവലി എവിടെയും അവരെ കാത്ത് നിന്നിരുന്നു . പ്രധാനമായും രണ്ട് കാരണങ്ങളാണ് അതിനുള്ളത് . നെഹ്റുവിന്റെ മകൾ എന്നതും തികഞ്ഞ മതേതര വാദിയായിരുന്നു എന്നതും .

1917 നവമ്പർ 19 നാണ് ഇന്ദിരാഗാന്ധി ജനിക്കുന്നത് . ഈ വർഷം ലോക ചരിത്രത്തിൽ വളരെ പ്രാധാന്യമുള്ളതാണ് . ലോക ചരിത്രത്തെ സ്വാധീനിച്ച ഒക്ടോബർ വിപ്ലവം നടന്നത് 1917 ലാണ് . ( ഇന്ത്യയുടെ ചരിത്രം പിത്ക്കാലത്ത് ഇന്ദിരാഗാന്ധിയും സ്വാധീനിച്ചുവല്ലോ !) . ജവഹർലാൽ നെഹ്റു വായിരുന്നു ഇന്ദിരാ പ്രിയദർശിനിയുടെ ജീവിതത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തി . പക്ഷേ അവളുടെ വ്യക്തിത്വത്തിന് അടിത്തറയിട്ടത് മുത്തഛനായ മോട്ടിലാൽ നെഹ്റുമായിരുന്നു . പത്തൊൻപതാം വയസ്സിൽ അമ്മ നഷ്ടപ്പെട്ട നെഹ്റുവിന്റെ മകൾ പിന്നെ വളർന്നത് ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ചൂടേറ്റാണ് .

”വിശ്വാസം കൊണ്ടും കർമ്മം കൊണ്ടും തീർത്തും മത നിരപേക്ഷമായിരുന്നു നെഹ്റു കുടുംബം” എന്ന് ശശി തരൂർ നിരീക്ഷിച്ചിട്ടുണ്ട് . ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുടെ മതനിരപേക്ഷ കാഴ്ച്ചപ്പാടുകൾ നമ്മുടെ ഭരണഘടനയിലൂടെ ഇന്ത്യൻ ജീവിതത്തിന്റെ ഭാഗമായി. ഇന്ദിരാ ഗാന്ധിയുടെ മത നിരപേക്ഷത ആദ്യം വെളിവായത് അവർ ഒരു പാഴ്സി സമുദായാംഗമായ ഫിറോസ് ഗാന്ധിയെ വിവാഹം ചെയ്തപ്പോഴാണ് . പിന്നീട് അവരുടെ രണ്ട് മക്കളും അന്യ മതത്തിൽ പെട്ടവരെ വിവാഹം ചെയ്തു ( അതിൽ രാജീവ് ഗാന്ധി ഇന്ത്യക്കാരിയല്ലാത്ത ഒരു ക്രിസ്ത്യാനിയെയാണ്  വിവാഹം ചെയ്തത് ).

ഇന്ദിരായുടെ ഭർത്താവായ ഫിറോസ് ഗാന്ധിയിൽ നിന്നാണ് നെഹ്റുവിന്റെ കൊച്ചു മക്കൾക്കും അവരുടെ മക്കൾക്കും ‘ഗാന്ധി’ എന്ന ‘സർനെയിം’ ഉണ്ടാകുന്നത് . ശശി തരൂർ എഴുതുന്നു – ” എ ഡി എട്ടാം നൂറ്റാണ്ടിൽ മുസ്ലീംങ്ങളുടെ പീഡനത്തെ തുടർന്ന് നാടുവിട്ട  സൊരാഷ്ട്രിയൻ അഭയാർത്ഥികളുടെ പിന്മുറക്കാരാണ് പാഴ്സികൾ . തീരദേശ സംസ്ഥാനമായ ഗുജറാത്തിലാണ് അവർ ആദ്യം താവളമടിച്ചത് . ഗാന്ധി , പട്ടേൽ തുടങ്ങിയ ഗുജറാത്തികുടുംബനാമങ്ങൾ പലരും സ്വീകരിച്ചു . ………… അങ്ങനെ പാഴ്സികൾക്ക് എഞ്ചിനീയർ , ഡ്രൈവർ ,  കൂപ്പർ , മെർച്ചന്റ് , മിസ്ത്രി എന്നീ കുടുംബപ്പേരുകളുണ്ടായി.”
ചിലർ കരുതുന്നതു പോലെ രാഷ്ട്ര പിതാവിന്റെ പേരിലെ ഗാന്ധിയല്ല നെഹ്റു കുടുംബത്തിൽ ഉപയോഗിക്കുന്ന ‘ഗാന്ധി’.

മുകളിൽ സൂചിപ്പിച്ച രണ്ട് പ്രധാന കാരണങ്ങളോടൊപ്പം മറ്റു പലതും ഇന്ദിരാഗാന്ധിയെ ഇന്ത്യയ്ക്ക് പ്രിയങ്കരിയാക്കി . ഗരീബി ഹഠാവോ എന്ന അവരുടെ മുദ്രാവാക്യം നിരവധി സാധാരണക്കാർക്ക് പ്രതീക്ഷ നൽകി . ഇന്ത്യയുടെ ഉരുക്കു വനിത എന്ന വിശേഷണം ഇന്ദിരാഗാന്ധിയെ ഇന്ത്യൻ സത്രീത്വത്തിന്റെ പ്രതീകമാക്കി . ഇതൊക്കെ കൊണ്ട് തന്നെ ജീവിച്ചിരുന്ന കാലത്തും മരിച്ചതിന് ശേഷമുമെല്ലാം ഇന്ദിരാഗാന്ധിയെ പഠിക്കാനും അവരെക്കുറിച്ച് പുസ്തകമെഴുതാനും ഇന്ത്യയ്ക്കകത്ത് നിന്നും പുറത്ത് നിന്നും നിരവധി പേർ രംഗത്ത് വന്നു . (ഈ ലേഖനത്തിന്റെ ആദ്യം സൂചിപ്പിച്ച പുസ്തകം ഇന്ദിരാഗാന്ധിയെക്കുറിച്ച്  എഴുതപ്പെട്ടതല്ലെങ്കിലും അത് പ്രസിഡീകരിച്ച വർഷം അവരുടെ നൂറാം ജന്മവാർഷികമായിരുന്നു )

‘ഇന്ദിര : ലൈഫ് ഓഫ് ഇന്ദിര നെഹ്റു ഗാന്ധി’ എന്ന പുസ്തകം പ്രധാനമന്ത്രി എന്ന നിലയിൽ ഇന്ദിരയുടെ അസാധ്യമായ ശക്തി ഗുണങ്ങളെ കുറിച്ച് പറയുന്നു .അമേരിക്കൻ എഴുത്തുകാരിയായിരുന്ന കാതറീൻ ഫ്രാങ്ക് രചിച്ച ഈ പുസ്തകം ഇന്ദിരാഗാന്ധിയുടെ വ്യക്തിപരിമിതികളെക്കൂടി തുറന്നുകാട്ടി . ബ്രിട്ടീഷ് എഴുത്തുകാരനായ അലെക്സ് വോണിന്റെ ‘ ഇന്ത്യൻ സമ്മർ’ ഇന്ദിരാണ്ടിയുടെ രാഷ്ട്രീയ നയതന്ത്രത്തെ പഠന വിഷയമാക്കുന്നു . ‘ഇന്ദിരാഗാന്ധി ട്രൈസ്റ്റ് വിത്ത് പവർ’ എന്ന നയൻതാര അഗർവാളിന്റെ പുസ്തകവും ശ്രദ്ധേയമാണ്.

1984 ഒക്ടോബർ 31 നാണ് സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ് ഇന്ദിരാഗാന്ധി മരിക്കുന്നത് . അതിനെ തുടർന്ന് സിക്കുകാർക്ക് നേരെ വ്യാപകമായ അക്രമമുണ്ടായി . 1984 ലെ ഈ സിക്ക് വിരുദ്ധ കലാപം ഇന്ത്യയുടെ ചരിത്രത്തിലെ ഒരു കറുത്ത ഏടാണ് . ഇതിനെ അധികരിച്ചും നിരവധി രചനകൾ ഉണ്ടായിട്ടുണ്ട് . മലയാളത്തിൽ എൻ എസ് മാധവൻ രചിച്ച ‘വൻമരങ്ങൾ വീഴുമ്പോൾ’ എന്ന ചെറുകഥ ശ്രദ്ധേയമായി .

ഇനിയും ഇന്ദിരാഗാന്ധിയെ പഠിക്കുകയും ചർച്ച ചെയ്യുകയും ചെയ്യും . കാരണം അവർ ആ ചെറിയ പട്ടണത്തത്തിലെ കടലല്ല , മഹാസമുദ്രമാണ് .

തയ്യാറാക്കിയത്:

അനു പി ഇടവ

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക