Wednesday, March 22, 2023

ഐഎസ്‌എല്‍ കിരീടം എടികെ മോഹന്‍ ബഗാന്; ബംഗളൂരു എഫ്സിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി

ഐഎസ്‌എല്‍ കിരീടം കൊല്‍ക്കത്തയിലേക്ക്. ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തില്‍ ബംഗളൂരു എഫ്സിയെ വീഴ്ത്തി എടികെ മോഹന്‍ ബഗാന്‍ കിരീടം സ്വന്തമാക്കി.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3നാണ് എടികെ വിജയിച്ചത്. ബംഗളൂരുവിന്റെ രണ്ട് താരങ്ങളുടെ ഷോട്ടുകള്‍ പിഴച്ചപ്പോള്‍ നാലില്‍ നാലും വലയിലാക്കിയാണ് എടികെയുടെ കിരീടധാരണം. കന്നി ഐഎസ്‌എല്‍ കിരീടമെന്ന ബംഗളൂരുവിന്റെ സ്വപ്‌നം ഒരിക്കല്‍ കൂടി പൊലിഞ്ഞു.‌നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2ന് തുല്ല്യത പാലിച്ചതോടെയാണ് മത്സരം എക്സ്ട്രാ സമയത്തേക്ക് നീണ്ടത്. അധിക സമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെയാണ് പോരാട്ടം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബംഗളൂരുവാണ് ആദ്യ കിക്കെടുത്തത്. അലന്‍ കോസ്റ്റയുടെ കിക്ക് വലയില്‍. ബംഗളൂരു 1-0ത്തിന് മുന്നില്‍. എടികെക്കായി പെട്രറ്റോസ്. താരത്തിന് പിഴച്ചില്ല. 1-1. ബംഗളൂരുവിന്റെ റോയ് കൃഷ്ണയും, എടികെയുടെ ലിസ്റ്റന്‍ കൊളാക്കോയും ലക്ഷ്യം കണ്ടതോടെ സ്‌കോര്‍ 2-2. ബംഗളൂരുവിന്റെ ബ്രുണോ റാമിറസിന് പിഴച്ചപ്പോള്‍ എടികെയുടെ കിയാന്‍ നസ്സിരി ലക്ഷ്യം കണ്ടു. ഇതോടെ 3-2ന് എടികെ മുന്നില്‍. ബംഗളൂരുവിനായി സുനില്‍ ഛേത്രിയും എടികെക്കായി മന്‍വീര്‍ സിങും ലക്ഷ്യം കണ്ടതോടെ സ്‌കോര്‍ 4-3. അഞ്ചാം കിക്കെടുത്ത ബംഗളൂരുവിന്റെ പാബ്ലോ പെരസിനും പിഴച്ചതോടെ എടികെ 4-3ന് ജയവും കിരീടവും ഉറപ്പാക്കി.

നായകന്‍ സുനില്‍ ഛേത്രിയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെയാണ് ബംഗളൂരു ഇറങ്ങിയത്. എടികെ നിരയില്‍ മലയാളി താരം ആഷിഖ് കുരുണിയന്‍ ആദ്യ ഇലവനില്‍ ഇടംപിടിച്ചു. മത്സരം തുടങ്ങി നാല് മിനിറ്റ് പിന്നിട്ടപ്പോള്‍ തന്നെ ബംഗളൂരു താരം ശിവശക്തിക്ക് പരിക്കേറ്റതോടെ പകരക്കാരനായി ഛേത്രി തന്നെ എത്തി. തുടക്കം മുതല്‍ ഇരു ടീമുകളും ആക്രമണ പ്രത്യാക്രമണങ്ങളുമായി കളം നിറഞ്ഞു.

ആദ്യ പകുതിയുടെ 14ാം മിനിറ്റില്‍ തന്നെ എടികെ മോഹന്‍ ബഗാന്‍ ലീഡെടുത്തു. പെനാല്‍റ്റിയില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി. ദിമിത്രി പെട്രറ്റോസ് എടുത്ത കോര്‍ണര്‍ കിക്ക് ഗുര്‍പ്രീത് സിങ് സന്ധു കുത്തിയകറ്റി. റീബൗണ്ടായ പന്ത് ആഷിഖ് കുരുണിയന്‍ കണക്കാക്കി വന്നു. എന്നാല്‍ ബംഗളൂരു താരം റോയ് കൃഷ്ണ അതിനിടെ പന്ത് കൈകൊണ്ടു തടയാന്‍ ശ്രമിച്ചതോടെ റഫറി പെനാല്‍റ്റി വിളിച്ചു. കിക്കെടുത്ത പെട്രറ്റോസിന് പിഴച്ചില്ല. പന്ത് നേരെ വലയുടെ ഇടത് മൂലയിലേക്ക് അടിച്ച്‌ താരം ടീമിന് ലീ‍ഡൊരുക്കി. ഗോള്‍ വഴങ്ങിയതോടെ ബംഗളൂരു ആക്രമണം കടുപ്പിച്ചു. 25ാം മിനിറ്റില്‍ ബോക്സിന് തൊട്ടടുത്ത് വച്ച്‌ ബംഗളൂരുവിന് അനുകൂലമായി ഫ്രീകിക്ക്. ഛേത്രിയെ ഗ്ലാന്‍ മാര്‍ട്ടിന്‍ ഫൗള്‍ ചെയ്തതിനായിരുന്നു ഫ്രീ കിക്ക്. കിക്കെടുത്ത ഛേത്രിയുടെ ഷോട്ട് വിശാല്‍ കെയ്ത് തട്ടിയകറ്റി. ആദ്യ പകുതി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ബംഗളൂരുവിന് അനുകൂലമായി പെനാല്‍റ്റി. സുഭാശിഷ് റോയ് ബംഗളൂരു താരം റോയ് കൃഷ്ണയെ വീഴ്ത്തിയതിന്റെ വഴിയായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത ഛേത്രിക്ക് പിഴച്ചില്ല. പന്ത് അനായാസം വലയില്‍. ആദ്യ പകുതി പിരിയുമ്ബോള്‍ സ്കോര്‍ 1-1. രണ്ടാം പകുതിയിലും ഇരു പക്ഷവും ആക്രമണം തുടര്‍ന്നു. 78ാം മിനിറ്റില്‍ റോയ് കൃഷ്ണയിലൂടെ ബംഗളൂരു ലീഡെടുത്തു. കോര്‍ണര്‍ കിക്കില്‍ നിന്ന് ലഭിച്ച പന്ത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന റോയ് കൃഷ്ണയ്ക്ക് കണക്കായി കൃത്യം ലഭിച്ചു. വായുവിലേക്ക് ഉയര്‍ന്ന് ചാടി താരം ഗംഭീര ഹെഡ്ഡറിലൂടെ പന്ത് വലയിലാക്കി. ബംഗളൂരു മുന്നില്‍. എന്നാല്‍ ബംഗളൂരുവിന്റെ ആഹ്ലാദം അധികം നീണ്ടില്ല. പെനാല്‍റ്റി വീണ്ടും എടികെയുടെ രക്ഷയ്ക്കെത്തി. നംഗ്യാല്‍ ഭൂട്ടിയയെ പാബ്ലോ പെരസ് ബോക്സില്‍ വീഴ്ത്തിയതിന് റഫറി എടികെയ്ക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. 84ാം മിനിറ്റിലായിരുന്നു ഈ പെനാല്‍റ്റി. വീണ്ടും കിക്കെടുത്തത് പെട്രറ്റോസ് തന്നെ. പിഴവില്ലാതെ ഒരിക്കല്‍ കൂടി സൂപ്പര്‍ താരം പന്ത് വലയിലിട്ടതോടെ മത്സരം ഒപ്പത്തിനൊപ്പം. പിന്നീട് ഗോള്‍ വന്നില്ല. മത്സരം അധിക സമയത്തേക്ക്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img