ബെംഗളുരു :ഐ.എസ്.എല്‍ ഫുട്ബാളിന്റെ രണ്ടാം പാദ സെമിയിലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മുംബയ് സിറ്റി എഫ്.സിയെ 9-8ന് തോല്‍പ്പിച്ച് ബംഗളുരു എഫ്.സി ഫൈനലിലെത്തി.
ആദ്യ പാദത്തില്‍ 1-0ത്തിന് ജയിച്ചിരുന്ന ബംഗളുരുവിനെതിരെ രണ്ടാം പാദത്തിന്റെ നിശ്ചിത സമയത്ത് മുംബയ് 2-1ന് ജയിച്ചെങ്കിലും ഗോള്‍ മാര്‍ജിനില്‍ 2-2ന് സമനില വന്നതോടെയാണ് അധിക സമയത്തേക്കും പിന്നീട് ഷൂട്ടൗട്ടിലേക്കും സഡന്‍ഡെത്തിലേക്കും നീണ്ടത്.സഡന്‍ഡെത്തില്‍ മെഹ‌്താബ് സിംഗാണ് മുംബയ്‌യുടെ കിക്ക് പാഴാക്കിയത്.
ഇന്നലെ ബെംഗളുരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 10-ാം മിനിട്ടില്‍ മുംബയ്ക്ക് അനുകൂലമായി കിട്ടിയ പെനാല്‍റ്റി ഗ്രെഗ് സ്റ്റിവാര്‍ട്ട് പാഴാക്കി. ആദ്യം ഗോള്‍ നേടിയത് ആതിഥേയരാണ്. 22-ാം മിനിട്ടില്‍ പത്താം നമ്ബര്‍ കുപ്പായക്കാരന്‍ യാവി ഹെര്‍ണാണ്ടസാണ് മുംബയ്‌യുടെ വലകുലുക്കിയത്. നാരായണന്റെ പാസില്‍ നിന്നായിരുന്നു യാവിയുടെ ഗോള്‍ പിറന്നത്. അധികം വൈകാതെ മുംബയ് തിരിച്ചടിക്കുകയും ചെയ്തു. ബിപിന്‍ സിംഗ് തൗനോജം 30-ാം മിനിട്ടിലാണ് സ്കോര്‍ ചെയ്തത്. എന്നാല്‍ ആദ്യപാദത്തിലെ ഗോളിന്റെ മുന്‍തൂക്കം തുടര്‍ന്ന ബംഗളുരുവിനെതിരെ ഒന്നുകൂടി നേടാന്‍ മുംബയ് നിരന്തരം ശ്രമം നടത്തിയത് മത്സരം ആവേശകരമാക്കി. മറുവശത്ത് ബംഗളുരുവിനായി യാവി ചില മുന്നേറ്റങ്ങള്‍ നടത്തിയിരുന്നു.
രണ്ടാം പകുതിയില്‍ ബംഗളുരു കൂടുതല്‍ പ്രതിരോധത്തിലേക്ക് നീങ്ങി.എന്നാല്‍ 65-ാം മിനിട്ടില്‍ മെഹ്‌താബ് സിംഗ് മുംബയ്‌യുടെ രണ്ടാം ഗോളും നേടി.
ഇന്ന് നടക്കുന്ന മറ്റൊരു രണ്ടാം പാദ സെമിഫൈനല്‍ മത്സരത്തില്‍ എ.ടി.കെ മോഹന്‍ ബഗാന്‍ നിലവിലെ ചാമ്ബ്യന്മാരായ ഹൈദരാബാദ് എഫ്.സിയെ നേരിടും. കഴിഞ്ഞ വാരം നടന്ന ആദ്യ പാദത്തില്‍ ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു.