ഐ എസ് എൽ ഫുട്ബോളിന് ഇന്ന് തുടക്കം

ഐ എസ് എൽ ഏഴാം സീസണ് ഇന്നു തുടക്കമാവുകയാണ്. ആദ്യ മത്സരം ഇന്ന് വൈകിട്ട് 7 30ന് കേരളാ ബ്ലാസ്റ്റേഴ്സും എടികെ മോഹൻബഗാനും തമ്മിലാണ്. ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളാണ് ഏഴാം സീസണിൽ വേദിയാവുന്നത്. കോവിഡ് കാലത്ത് രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ കായിക മത്സരം കൂടിയാണ് ഐഎസ്എൽ. പുതിയ ടീമായ ഈസ്റ്റ് ബംഗാൾ ഉൾപ്പടെ, ഇത്തവണ 11 ടീമുകളാണ് മത്സര രംഗത്തുള്ളത്.
എല്ലാ മത്സരങ്ങളും രാത്രി 7.30 മുതൽ സ്റ്റാർ സ്പോർട്സ് സംപ്രേഷണം ചെയ്യുന്നതാണ്. കോവിഡ് പ്രാട്ടോക്കോൾ അനുസരിച്ച് നടക്കുന്ന മത്സരങ്ങളിൽ, കാണികൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. കഴിഞ്ഞ ആറു മത്സര സീസണുകളിൽ എടികെ (2014, 2016, 2020) മൂന്നു വിജയവും ചെന്നൈയിൻ (2015, 2018) രണ്ടു വിജയവും നേടിയപ്പോൾ, ബംഗളുരു ആണ് 2019ലെ ജേതാക്കൾ.
ഐ എസ് എൽ ഫുട്ബോൾ മത്സരത്തിൽ മാറ്റമില്ലാതെ ഇത്തവണയും ഉദ്ഘാടന മത്സരം കേരളാ ബ്ലാസ്റ്റേഴ്സും എടികെയും തമ്മിലാണ്. ഉദ്ഘാടന മത്സരത്തിൽ തന്നെ ഇരുടീമുകളും ഏറ്റുമുട്ടുന്നത് ഇത് നാലാം തവണയാണ്. 2017- ’18 മുതൽ തുടർച്ചയായി ആദ്യ മത്സരങ്ങൾ ഇരുടീമുകളും തമ്മിലാണ്. കഴിഞ്ഞ രണ്ടു വർഷവും ആദ്യ കളി ബ്ലാസ്റ്റേഴ്സ് ജയിച്ചു. 2017- ’18 ലെ മത്സരം സമനിലയായിരുന്നു. ഇരുടീമുകളും ഫൈനലിൽ രണ്ടു തവണ ഏറ്റുമുട്ടിയപ്പോളും കൊൽക്കത്ത ടീമിനായിരുന്നു വിജയം. ബ്ലാസ്റ്റേഴ്സും എടികെയും തമ്മിൽ 14 കളികൾ കളിച്ചപ്പോൾ, ബ്ലാസ്റ്റേഴ്സിന് നാല് ജയവും എറ്റികെക്ക് അഞ്ച് ജയവും ലഭിച്ചു. അഞ്ച് മത്സരം സമനിലയിൽ അവസാനിച്ചു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക